Kerala
മലബാര്‍ സംസ്ഥാനം: യൂത്ത് ലീഗ് നേതാവിന്റെ പാരമര്‍ശം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും
 
		
      																					
              
              
            മലപ്പുറം: കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ ഫേസ് ബുക്ക് പരാമര്‍ശം വിവാദമായി.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപവത്കരണമാണ് ഇത്തരമൊരു പരാമര്‍ശത്തിന് ഇടയാക്കിയത്. കോഴിക്കോട് ആസ്ഥാനമാക്കി തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളും കേന്ദ്ര ഭരണപ്രദേശമായ മയ്യഴിയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പ്പെടുത്തി മലബാര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത് വിവാദമായതിനെ തുടര്‍ന്ന് ഫേസ് ബുക്കില്‍ നിന്ന് പരാമര്‍ശം നൗഷാദ് പിന്‍വലിച്ചിരുന്നു. ഇതിന് സംസ്ഥാന കമ്മിറ്റി ഇദ്ദേഹത്തോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും. ഖേദപ്രകടനം നടത്തി പത്രപ്രസ്താവനയിറക്കുമെന്നാണ് നൗഷാദ് മറുപടി നല്‍കിയത്. പരാമര്‍ശത്തെ കുറിച്ച് മുസ്‌ലിം ലീഗ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി പറഞ്ഞു. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യം നിലനില്‍ക്കേയാണ് മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേരളം വിഭജിക്കണമെന്ന വാദം യൂത്ത് ലീഗ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് ഇതിനോട് യോജിപ്പില്ലെന്നുമാണ് മുസ്‌ലിം ലീഗ് നേതൃത്വം പറയുന്ന മറുപടി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

