Connect with us

Ongoing News

സ്വര്‍ഗാവകാശിയോടൊപ്പം മൂന്ന് നാള്‍

Published

|

Last Updated

മഹത്വം ദൈവിക ഗുണമാണ്. പ്രവൃത്തികളുടെ ശ്ലാഘനീയതയാല്‍ തേടിയെത്തുന്ന നന്മയാണത്. അഗാധ ജ്ഞാനവും സമ്പദ്‌സമൃദ്ധിയും മഹത്വത്തിന്റെ മേന്മയല്ല, സദാചാരപരമായ ജീവിതക്രമവും സന്മാര്‍ഗനിഷ്ഠയുമാണ് മഹത്വത്തിനു നിദാനം. വൈരം നിറഞ്ഞ മനസ്സില്‍ വിനയവും സ്‌നേഹവുമുണ്ടാകില്ല. വിദ്വേഷത്തിന്റെ വിഴുപ്പുഭാണ്ഡം പേറുന്നവനെ നയിക്കുന്നത് പിശാചാണ്. സാത്താന്റെ മന്ത്രങ്ങളാണവന്റെ മതവും മനശാസ്ത്രവും. അനസ്ബ്‌നുമാലിക്(റ) പറയുന്ന ഒരു കഥ ഇങ്ങനെ സംഗ്രഹിക്കാം.
അല്ലാഹുവിന്റെ പ്രവാചകര്‍(സ) ഒരിക്കല്‍ സദസ്യരോട് ഉണര്‍ത്തി. “”സ്വര്‍ഗാവകാശിയായ ഒരാള്‍ താമസംവിനാ നമ്മുടെ സദസ്സിലെത്തും. അധികം വൈകാതെ ഒരു അന്‍സാരി കടന്നുവന്നു. അംഗസ്‌നാനം നടത്തിയിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം. ചെരിപ്പ് ഊരി ഇടം കൈയില്‍ പിടിച്ചിരിക്കുന്നു. തൊട്ടടുത്ത ദിവസവും നബി(സ) സ്വര്‍ഗക്കാരനായ ഒരാളുടെ കടന്നുവരവിനെ സൂചിപ്പിച്ചു. അന്നു വന്നതും നേരത്തെ എത്തിയ അന്‍സാരി തന്നെ. മൂന്നാം ദിവസം ഇക്കഥ ആവര്‍ത്തിച്ചു. അബ്ദുല്ലാഹിബ്‌നു അംറിന് അദ്ദേഹത്തെക്കുറിച്ചറിയാന്‍ ജിജ്ഞാസയുദിച്ചു. അദ്ദേഹം നബി(സ) സ്വര്‍ഗക്കാരനെന്ന് സൂചിപ്പിച്ച അന്‍സാരിയെ സമീപിച്ചു പറഞ്ഞു: “സഹോദരാ ഞാന്‍ പിതാവുമായി സ്വരച്ചേര്‍ച്ചയിലല്ല. വളരെ പ്രയാസമുണ്ട്, അതുകൊണ്ട് സ്വല്‍പ്പം ശാന്തത കൈവരിക്കാന്‍ ഞാന്‍ മൂന്ന് ദിവസം അങ്ങയോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നു”.
മൂന്ന് ദിവസമല്ലേയുള്ളൂ. സന്തോഷം; അബ്ദുല്ലാഹിബ്‌നു അംറ്(റ) വീട്ടിലെത്തി. അദ്ദേഹത്തിന്റെ ദൈനംദിന പ്രവൃത്തികളും ചിട്ടകളും നിരീക്ഷിച്ചു. മൂന്ന് ദിനവും അല്ലാഹുവിനെക്കുറിച്ചുള്ള സ്തുതിവചനങ്ങള്‍ മാത്രം. എല്ലാവരും ചെയ്യുന്ന കര്‍മങ്ങള്‍ മാത്രം. രാത്രി മുഴുവനും നിസ്‌കരിക്കുന്നില്ല. ഉറങ്ങും മുമ്പ് ഹ്രസ്വമായ സ്തുതിവചനവും പ്രാര്‍ഥനയും.
ഇദ്ദേഹമോ സ്വര്‍ഗാവകാശി ? തീവ്രമായ ആരാധനാ നിഷ്ഠ പുലര്‍ത്തുന്നില്ല. സാധാരണ ജീവിതം. അബ്ദുല്ലാഹിബ്‌നു അംറിന്റെ ഹൃദയം ചോദ്യങ്ങള്‍ കൊണ്ട് വിങ്ങി. പൊറുതികെട്ട് ഇബ്‌നു അംറ് ആ സാത്വിക ഹൃദയത്തോട് പറഞ്ഞു, സഹോദരാ, ഞാന്‍ പിതാവുമായി പിണക്കത്തിലല്ല. അങ്ങയെക്കുറിച്ച് റസൂല്‍ പറഞ്ഞു. താങ്കള്‍ സ്വര്‍ഗാവകാശിയാണെന്ന്. ഈ സൗഭാഗ്യം സിദ്ധിക്കാനുള്ള എന്ത് മേന്മയായ ആരാധനയാണ് താങ്കള്‍ ജീവിത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് നേരില്‍ അറിയാനാണ് മൂന്ന് ദിവസത്തെ എന്റെ സഹവാസം.
പക്ഷെ, മൂന്ന് നാള്‍ രാപ്പാര്‍ത്തിട്ടും വ്യത്യസ്തമായൊരു അനുഭവവും എനിക്കുണ്ടായില്ല. അസാധാരണമായി ഒരു കര്‍മവും അങ്ങ് ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടില്ല. പിന്നെ എന്ത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങ് സ്വര്‍ഗാവകാശിയാണെന്ന് അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞത്?
അദ്ദേഹം പ്രത്യുത്തരം നല്‍കി: സുഹൃത്തേ, താങ്കള്‍ എന്തു കണ്ടോ? എന്നെ എങ്ങനെ അനുഭവിച്ചോ അതു തന്നെയാണ് യാഥാര്‍ഥ്യം. മറിച്ചൊന്നും അദ്ദേഹം പറയുകയില്ലെന്നു ബോധ്യപ്പെട്ട അബ്ദുല്ലാഹിബ്‌നു അംറ്(റ) യാത്ര ചോദിച്ചു നടക്കാനൊരുങ്ങവെ അദ്ദേഹം തിരികെ വിളിച്ചു. സഹോദരാ, നീ എന്തുകണ്ടോ അതാണു യാഥാര്‍ഥ്യം. അധികമായൊന്നും എനിക്കില്ല, പക്ഷെ ഒരു കാര്യം. ഒരാളോടും എനിക്ക് സ്ഥായിയായ വിരോധമില്ല. അല്ലാഹു ആര്‍ക്കെങ്കിലും നന്മയും അനുഗ്രഹവും നല്‍കിയാല്‍ അക്കാര്യത്തില്‍ എനിക്കു അസൂയയുമില്ല. അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞു. അങ്ങയുടെ ഈ സവിശേഷ സ്വഭാവഗുണം തന്നെയായിരിക്കും റസൂല്‍(സ)യുടെ അടുക്കല്‍ സ്വീകാര്യനാക്കിയത്.
“ഒരു സത്യവിശ്വാസിയോടുള്ള വിരോധവും പേറി ഒരു രാത്രി കഴിച്ചുകൂട്ടുന്നവനല്ല ഞാന്‍” എന്നുകൂടി അന്‍സാരി സഹോദരന്‍ അബ്ദുല്ലാഹിബ്‌നു അംറിനോട് ഉണര്‍ത്തി. മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാന ഘടകമായ സ്വഭാവ നൈര്‍മല്യത്തെക്കുറിച്ചാണ് ഈ ചരിത്രം പാഠം നല്‍കുന്നത്.
ഉന്നത സ്ഥാനവും പദവികളും നീണ്ടുനിവര്‍ന്നു കിടക്കുന്ന ശീര്‍ഷകവുമൊന്നും വ്യക്തിമഹത്വത്തിന്റെ നിദര്‍ശനമല്ല. ഉന്നതനായ വ്യക്തി സ്വീകരിക്കുന്ന നിലപാടുകളാണ് പ്രധാനം. ആക്രോശവുമായി ആര്‍ത്തിരമ്പിയെത്തുന്ന ആള്‍ക്കൂട്ടത്തിനിടയിലും ആര്‍ജവത്തോടെയും അജയ്യതയോടെയും തന്റെ ശരികള്‍ക്കൊപ്പം അചഞ്ചലമായി നിലയുറപ്പിക്കാന്‍ കഴിയണം. പകയും ക്രോധവും കൈയൊഴിയണം. എങ്കില്‍ വ്യക്തിയെ മഹത്വത്തിലേക്കും ആദരണീയമായ അംഗീകാരത്തിലേക്കും കാലം കൈപിടിച്ചു നടത്തും
“ഉള്‍ത്തടത്തിലില്ല ഉന്നതര്‍ക്കുള്‍പ്പക
ഉള്‍ക്രോധമുള്ളവനു
യര്‍ച്ചയില്ല”.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest