Connect with us

Ongoing News

'എല്ലാവരും പ്രാര്‍ഥിക്കണം'... പരപ്പന അഗ്രഹാര തടവറയില്‍ നിന്ന് മഅ്ദനി

Published

|

Last Updated

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ഏഴാം നമ്പര്‍ ആശുപത്രി സെല്ലില്‍ അര്‍ധരാത്രി ഖുര്‍ആനിന്റെ വചനങ്ങള്‍ ഉയരുന്നു. കൂടെ ദിക്‌റും സ്വലാത്തും. തന്റെ പ്രഭാഷണ ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച വ്യക്തിത്വം, അബ്ദുന്നാസര്‍ മഅ്ദനി. വാക്കുകളായിരുന്നു എന്നും മഅ്ദനിയുടെ കൂട്ടുകാര്‍. ഒരു പീഡനത്തിന് മുന്നിലും തളര്‍ന്നുവീഴാത്ത മനസ്സുമായി ഉറച്ച ശബ്ദമായി ഇടതടവില്ലാതെ അവ വന്നുകൊണ്ടിരിക്കുന്നു. ആത്മീയ മന്ത്രധ്വനികളായി. റമസാന്‍ പിറ കണ്ട ഒന്ന് മുതല്‍ തുടങ്ങിയതാണിത്. അര്‍ധരാത്രി ഉണര്‍ന്നെഴുന്നേല്‍ക്കും. പിന്നെ പ്രാര്‍ഥനകളുടെ മണിക്കൂറുകള്‍. പുലര്‍ച്ചെ നാല് മണിയോടെ ജയിലില്‍ മഅ്ദനിയുടെ സഹായികളായ വിചാരണത്തടവുകാരായ കണ്ണൂര്‍ സ്വദേശി ഷറഫുദ്ദീനും കൂത്തുപറമ്പിലെ മനാഫും ഉസ്താദിനായി അത്താഴം എടുത്തുവെക്കും. വെള്ളച്ചായയും ബിസ്‌ക്കറ്റും പിന്നെ ഒരു പേരക്കയും. ഇതാണ് മഅ്ദനിയുടെ അത്താഴം. ഇവ കഴിച്ച് വീണ്ടും പ്രാര്‍ഥനയിലേക്ക്.
ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തടവുകാരനായി ജയിലിലെത്തുമ്പോള്‍ ദിവസേന നാല് പത്രങ്ങള്‍ വായിക്കാനും ഖുര്‍ആന്‍ പാരായണത്തിനും പ്രയാസം നേരിട്ടിരുന്നില്ല. ഇപ്പോള്‍ വലതു കണ്ണ് ഇരുട്ടു മൂടി, ഇടതു കണ്ണിന്റെ കാഴ്ചയും മങ്ങി. തന്റെ കണ്ണിലെ കാഴ്ച ഊതിക്കെടുത്തിയ ഭരണകൂട ഭീകരതയോട് പരിഭവമില്ല. റമസാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തതിലുള്ള വേദന മാത്രം. മനഃപാഠമാക്കിയ ഖുര്‍ആന്‍ സൂക്തങ്ങളാണ് ഇപ്പോള്‍ ആശ്രയം. മഅ്ദനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്, വേദന കൊണ്ട് നന്നായി ഉറങ്ങിയ ദിവസം തന്നെ മറന്നുപോയി, പീഡനങ്ങള്‍ തുടരെ തുടരെ ഏറ്റുവാങ്ങുന്നു….. എന്നാല്‍ സങ്കടപ്പെടുത്തുന്നത് ഇതൊന്നുമല്ല. നോമ്പുകാരനായി വിശുദ്ധ ഖുര്‍ആന്റെ വരികള്‍ നോക്കി പാരായണം ചെയ്യാനാകുന്നില്ല. പീഡനങ്ങളുടെ പരമ്പരകളുണ്ടായിട്ടും തളരാത്ത മഅ്ദനി ഇവിടെയും തന്റെ അന്ധതയെ തോല്‍പ്പിക്കാന്‍ വഴി കണ്ടെത്തി. വിചാരണത്തടവുകാരനായി ജയിലിലുള്ള സക്കറിയയെ കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യിക്കും. തൊട്ടടുത്ത് വീല്‍ ചെയറില്‍ ഒതുങ്ങിയിരുന്ന് അവ കേള്‍ക്കും.
പീഡനങ്ങളുടെയും പ്രയാസങ്ങളുടെയും റമസാനാണിത് മഅ്ദനിക്ക്. ഡയബറ്റിക്ക് ററ്റിനോപതി, ഡയബറ്റിക്ക് ന്യൂറോപതി, സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്, വൃക്കരോഗം, മൂത്രതടസ്സം, നട്ടെല്ല് സ്ഥാനം തെറ്റല്‍, ഉദരത്തില്‍ അള്‍സര്‍, പുറംവേദന, പ്രമേഹം, രക്തസമ്മര്‍ദം….. രോഗങ്ങളുടെ തടവറയില്‍ കാലാവസ്ഥയും പുതിയ വില്ലനാകുന്നുണ്ട്. കടുത്ത ശ്വാസതടസ്സം കാരണം അത്താഴത്തിന് ജയിലില്‍ തയ്യാറാക്കുന്ന ചപ്പാത്തിയും കറിയും മഅ്ദനിക്ക് കഴിക്കാനാകുന്നില്ല. അതുകൊണ്ടാണ് ചായയും ബിസ്‌ക്കറ്റും കൊണ്ട് നോമ്പെടുക്കുന്നത്. ഷുഗര്‍ കാരണം പഴങ്ങളും പറ്റില്ല. പേരക്ക മാത്രം.
ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അയ്യായിരത്തിലധികം തടവുകാരുണ്ട്. ഇവരില്‍ വിചാരണത്തടവുകാരായ 400 പേര്‍ നോമ്പുകാരാണ്. നോമ്പു തുറക്കാനായി കഞ്ഞിയും പയറുമാണ് ഇവര്‍ക്കായി ജയിലില്‍ തയ്യാറാക്കുന്നത്. അത്താഴത്തിന് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും. അള്‍സറിന്റെ അസ്വസ്ഥത മൂലം മഅ്ദനിക്ക് കഞ്ഞിയും പയറുമില്ല. പകരം ആശുപത്രി സെല്ലില്‍ ചപ്പാത്തിയെത്തും. നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഈത്തപ്പഴവും സംസം വെള്ളവും കൊണ്ട് നോമ്പ് തുറക്കും. പിന്നെ ചപ്പാത്തി കഴിച്ചെന്ന് വരുത്തും. എരിവും പുളിയും പറ്റില്ല, ഷുഗറും കൊഴുപ്പും കൂടാനും പാടില്ല. പിന്നെ എന്തു കഴിക്കും? നോമ്പ് ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല. കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടാണ് മഅ്ദനിയുടെ റമസാന്‍ കാലം. തടവുകാര്‍ക്ക് നോമ്പുകാലത്ത് ക്ലാസെടുക്കാനും നിസ്‌കാരത്തിന് നേതൃത്വം നല്‍കാനുമൊക്കെ അതിയായ ആഗ്രഹമുണ്ട്. പക്ഷേ അതിന് പോലും കടുത്ത പുറംവേദന അനുവദിക്കുന്നില്ല.
നോമ്പ് തുടങ്ങിയതോടെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ഥനക്കായി കൂടുതല്‍ സമയം ലഭിക്കുന്നതിനും സന്ദര്‍ശകരെ കാണാന്‍ ആശുപത്രി സെല്ലില്‍ നിന്ന് ജയില്‍ സൂപ്രണ്ടിന്റെ റൂമിനടുത്തെത്താനുള്ള ബുദ്ധിമുട്ടും കാരണമാണ് ഈ നിയന്ത്രണം. എല്ലാവരോടും പ്രാര്‍ഥിക്കാന്‍ മഅ്ദനി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest