Connect with us

Malappuram

മൊബൈല്‍ ഇന്‍സിനേറ്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങിയേക്കും. ഇതിനായി മൊബൈല്‍ ഇന്‍സിനേറ്റര്‍ ശനിയാഴ്ച്ച വൈകീട്ട് മൈലാടിയിലെത്തി.നേരത്തെ അറിയിച്ചതില്‍ നിന്ന് വ്യത്യസ്ഥമായി കോട്ടക്കല്‍ വഴിയാണ് ഇന്‍സിനേറ്റര്‍ മൈലാടിയിലെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നെത്തിയ ഇന്‍സിനേറ്ററുമായി വന്ന വാഹനം വെട്ടിച്ചിറ പമ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ മൈലാടിയിലെത്തിയ ഇന്‍സിനേറ്റര്‍ വഴിയുള്ള മാലിന്യ സംസ്‌ക്കരണം എന്നു തുടങ്ങുമെന്നതിനെ കുറിച്ച് അവ്യക്തത തുടരുകയാണ്. ഇന്ന് രാവിലെ പ്ലാന്റ് മാലിന്യം സംസ്‌കരിച്ച് തുടങ്ങുമെന്നാണ് നഗരസഭാധ്യക്ഷ ടി വി സുലൈഖാബി പറയുന്നത്. എന്നാല്‍ മാലിന്യ സംസ്‌ക്കരണം ബുധനാഴ്ച്ചയാണ് തുടങ്ങുന്നതെന്ന നിലപാടിലാണ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി കെ മോഹനന്‍. കഴിഞ്ഞ ദിവസം നടന്ന ആര്‍ ഡി ഒ യുടെ യോഗത്തില്‍ മൈലാടി നിവാസികളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുറ്റപ്പെടുത്തിയന്നാരോപിച്ച് ജനകീയ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിരുന്നു. പ്ലാന്റിലെ മാലിന്യം സംസ്‌ക്കരണം മാത്രമാണ് തങ്ങളുടെ മുമ്പിലുള്ളതെന്ന നിലപാടുമായി നഗരസഭ നിലകൊള്ളുമ്പോള്‍ കലക്ടറുടെ നിര്‍ദേശത്തില്‍ പ്ലാന്റും ശേഷം ക്വാറിയിലും കിടക്കുന്ന മാലിന്യം സംസ്‌ക്കരിക്കണമെന്ന മറു വാദവുമായി മൈലാടി നിവാസികളും രംഗത്തുണ്ട്.
നേരത്തെ ശുചിത്വമിഷന്‍ മൈലാടി മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ജനകീയ സമിതിക്ക് സമര്‍പ്പിച്ച് പ്രദേശവാസികളുടെ അംഗീകാരം നേടിയിരുന്നു. മൈലാടി പ്രശ്‌നത്തില്‍ ആര്‍ ഡി ഒ നേതൃത്വത്തില്‍ രണ്ട് വട്ടവും കലക്ടറേറ്റില്‍ ഒരു തവണയും യോഗം ചേര്‍ന്നിരുന്നു. നേരത്തെ കലക്ടര്‍ മൈലാടി മാലിന്യ സംസ്‌ക്കരണത്തിന് നഗരസഭക്ക് അനുവദിച്ച ഒരു മാസം സമയം പ്രവൃത്തി നടക്കാതെ പിന്നിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Latest