Connect with us

Kerala

മന്ത്രിസഭ പുനഃസംഘടനാ ചര്‍ച്ച വീണ്ടും സജീവമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കുന്നതിന് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി. നിയമസഭാ സമ്മേളനം കഴിയുന്നതോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി മന്ത്രിമാര്‍ ഉള്‍പ്പെടെ മുന്നണിയിലെ പ്രമുഖര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രഹസ്യരേഖ പുറത്തായ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിയമസഭാ സമ്മേളനത്തിനുശേഷം ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ദീപക് ബബ്‌റിയ അടുത്തയാഴ്ച കേരളത്തിലെത്തും. ഈമാസം 18ന് നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ര്ടീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള തീവ്രശ്രമം കേന്ദ്ര നേതൃത്വത്തിന്റെ മുന്‍കൈയോടെ ആരംഭിക്കുമെന്നാണ് വിവരം.
ആഭ്യന്തര വകുപ്പ് തുടര്‍ന്നും തിരുവഞ്ചൂര്‍ കൈകാര്യം ചെയ്യുന്നതിനോട് എ ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടെ കോണ്‍ഗ്രസിലെ നല്ലപങ്ക് നേതാക്കള്‍ക്കും യോജിപ്പില്ല. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം സംസ്ഥാന കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയായിരുന്നപ്പോള്‍ തിരുവഞ്ചൂരില്‍ നിന്ന് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതിന് തടസ്സമായി എ ഗ്രൂപ്പ് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പോലും ആവര്‍ത്തിക്കാനിടയില്ല.
ഫോണ്‍രേഖയുടെ ചോര്‍ച്ച ആഭ്യന്തര വകുപ്പില്‍ നിന്നാണെന്ന സംശയം ശക്തമാണ്. മന്ത്രിമാരും എം എല്‍ എമാരും അതിലുള്ള ശക്തമായ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇന്നലെ ചിലര്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അന്വേഷണ പരിധിയില്‍ ഇത്കൂടി ഉള്‍പ്പെടുത്തണമെന്ന് ടി എന്‍ പ്രതാപനും കെ മുരളീധരനും ആവശ്യപ്പെട്ടു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരസ്യമായി രംഗത്തുവരുമെന്നാണ് സൂചന.
അതേസമയം പുന:സംഘടനയും വകുപ്പ് മാറ്റവും ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പ്രതിപക്ഷ വിമര്‍ശങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് മറ്റ് കാര്യങ്ങള്‍ സഭാസമ്മേളനത്തിനുശേഷം ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന ധാരണയിലാണ് നേതാക്കളുള്ളത്.
ഇപ്പോഴത്തെ രാഷ്ര്ടീയ സംഭവവികാസങ്ങള്‍ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെയും ധരിപ്പിച്ചിട്ടുണ്ട്.
ഈ ഘട്ടത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുള്ളത്.

Latest