Connect with us

National

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: ഐ ബി പ്രതിക്കൂട്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ (ഐ ബി) സി ബി ഐ. കേസില്‍ ഐ ബി ഉദ്യോഗസ്ഥനായ രജീന്ദ്ര കുമാറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ പറഞ്ഞു. കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. ഏറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന രജീന്ദ്ര കുമാറിന്റെ പങ്ക് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അതിനുള്ള തെളിവുണ്ടെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു.

ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവീദ് ശൈഖ് ഉള്‍പ്പെടെ നാല് പേരെ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്നും ഇതില്‍ ഐ ബിക്കും ഗുജറാത്ത് പോലീസിനും പങ്കുണ്ടെന്നുമുള്ള സി ബി ഐ കുറ്റപത്രം കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ, രജീന്ദ്ര കുമാര്‍ എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അമിത് ഷായുടെയും രജീന്ദ്ര കുമാറിന്റെയും പങ്ക് വ്യക്തമാക്കുന്ന തരത്തിലുള്ളതായിരിക്കും സി ബി ഐ സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രമെന്ന സൂചനയാണ് രഞ്ജിത് സിന്‍ഹ നല്‍കിയത്. വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് മോഡിക്കും അമിത് ഷാക്കും അറിവുണ്ടായിരുന്നുവെന്ന് ഡി വൈ എസ് പി. ഡി എച്ച് ഗോസ്വാമി ഇതിനകം കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഐ ബിക്ക് മോചിതമാകണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും സി എന്‍ എന്‍- ഐ ബി എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സി ബി ഐ ഡയറക്ടര്‍ പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ഇശ്‌റത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ അവരെ കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആര്‍ക്കെങ്കിലും തീവ്രവാദ ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയാല്‍ സുരക്ഷാ വിഭാഗത്തിനോ രഹസ്യാന്വേഷണ ഏജന്‍സിക്കോ അവരെ കൊലപ്പെടുത്താമെന്നാണോ രാജ്യത്തെ നിയമം അനുശാസിക്കുന്നതെന്ന് സിന്‍ഹ ചോദിച്ചു.
ഗുജറാത്ത് പോലീസിന്റെ നേതൃത്വത്തിലാണ് ഇശ്‌റത്ത് ജഹാനുള്‍പ്പെടെ നാല് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്ന് സി ബി ഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരെയും നിയമവിരുദ്ധമായി പിടികൂടിയ ശേഷം തടങ്കലിലിട്ടതായും തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ സി ബി ഐ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ തീവ്രവാദികളാണോ എന്നതിനെ കുറിച്ച് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ല. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊലപ്പെടുത്താനെത്തിയ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് നാല് പേരുമെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. ഇതിന് തെളിവില്ലെന്നും സി ബി ഐ പറയുന്നുണ്ട്.
ഒളിവില്‍ കഴിയുന്ന അഡീഷനല്‍ എ ഡി ജി പി. പി പി പാണ്ഡെ, മുന്‍ ഡി ഐ ജി. ഡി ജി വന്‍സാര, ജി എല്‍ സിംഗാള്‍ എന്നിവരുള്‍പ്പെടെയുള്ള എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ സി ബി ഐ ചുമത്തിയിട്ടുണ്ട്. പോലീസും ഐ ബിയും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വന്‍സാര ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഐ ബിയുടെ ആയുധങ്ങള്‍ മൃതദേഹങ്ങള്‍ക്കരികില്‍ വെച്ചതെന്നും തെളിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതിനിടെ, കേസിലേക്ക് അനാവശ്യമായി തങ്ങളെ വലിച്ചിഴക്കുകയാണെന്ന് കാണിച്ച് ഐ ബി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. ഇത്തരം ആരോപണങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ ആത്മവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ഐ ബി ഡയറക്ടര്‍ ആസിഫ് ഇബ്‌റാഹീം ആഭ്യന്തര വകുപ്പിനയച്ച കത്തില്‍ പറയുന്നു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ഐ ബി ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

Latest