Connect with us

Kozhikode

നരിപ്പറ്റ കൂളികാവില്‍ ഉരുള്‍പൊട്ടി വ്യാപക നാശം

Published

|

Last Updated

കുറ്റിയാടി: നരിപ്പറ്റ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായ കൃഷിനാശം. കൂളികാവ് മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ചേക്കറിലധികം കൃഷിഭൂമി ഒലിച്ചുപോയി. നിരവധി കുടുംബങ്ങള്‍ ഭീഷണിയിലാണ്. ലക്ഷം വീട് കോളനി പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്.

ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് കുത്തിയൊലിച്ചുപോയത്. വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. കുടിവെള്ള പൈപ്പുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. കനത്ത മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇവിടുത്തെ 15ഓളം കുടുംബങ്ങളെ വനംവകുപ്പിന്റെ അധീനതയിലുള്ള സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
ഇ കെ വിജയന്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൃഷി ഓഫീസര്‍ കെ എന്‍ ഇബ്‌റാഹിം, ഡപ്യൂട്ടി തഹസില്‍ദാര്‍ രാജന്‍, കുറ്റിയാടി സി ഐ വി വി ബെന്നി എന്നിവരും സ്ഥലത്തെത്തി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടടുത്താണ് വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടിയത്.
ലക്ഷം വീട് കോളനിയില്‍ താമസക്കാരനായ വിന്‍സെന്റിന്റെ വീടിനോട് ചേര്‍ന്ന പറമ്പ് മഴവെള്ളപാച്ചിലില്‍ ഒഴുകിപ്പോയി. തലനാരിഴക്കാണ് കോളനിവാസികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പാലോല്‍ സാജിദയുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകള്‍ നശിച്ചു. കാര്‍ഷികോത്പന്നങ്ങള്‍ സൂക്ഷിക്കാനായി നിര്‍മിച്ച ഷെഡും തകര്‍ന്നു.
മലയിടിച്ചിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട തോട്ടശ്ശേരി വില്‍സണ്‍, സഹോദരന്‍ ജോയ്, ഏറങ്കോട്മലയില്‍ ഷാജി, വണ്ണാങ്കണ്ടി വിനോദന്‍ എന്നിവരുടെ കുടുംബങ്ങളെ ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

 

Latest