Connect with us

Kozhikode

റേഷന്‍ ഗോതമ്പ് തിരിമറി: മൊത്ത വ്യാപാര കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

വടകര: റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിന്ന് മാഹിയിലെ സ്വകാര്യ മില്ലിലേക്ക് ഗോതമ്പ് കടത്തുന്നതിനിടെ 80 ചാക്ക് ഗോതമ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വടകരയിലെ റേഷന്‍ മൊത്ത വ്യാപാരി ഫെബിത ട്രേഡിംഗ് കോര്‍പറേഷന്റെ ലൈസന്‍സ് ജില്ലാ സപ്ലൈ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു. വടകരയിലെ പ്രമുഖ വ്യാപാരി കെ ടി മമ്മുവിന്റെ മകള്‍ ഫെബിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ഗണേഷിന്റെ നേതൃത്വത്തില്‍ റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലെ സ്റ്റോക്കെടുത്ത ശേഷമാണ് സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. 
വടകരയിലെ തന്നെ മറ്റൊരു റേഷന്‍ മൊത്ത വ്യാപാരിയായ മാധവി ട്രേഡിംഗ് കോര്‍പറേഷനിലേക്ക് സസ്‌പെന്‍ഡ് ചെയ്ത കടയിലെ സ്റ്റോക്കുകള്‍ മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ നിര്‍ദേശിച്ചെങ്കിലും മാധവി ട്രേഡിംഗ് കോര്‍പറേഷന്‍ സാധനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. റേഷന്‍ മൊത്ത വ്യാപാരി സംഘടനയുടെ തീരുമാനപ്രകാരമാണ് ഇവര്‍ സ്റ്റോക്ക് ഏറ്റെടുക്കാതിരുന്നതെന്ന് പരാതിയുണ്ട്. ഇതേ ത്തുടര്‍ന്ന് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബേങ്കിന്റെ റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തിലേക്ക് സ്റ്റോക്കുകള്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ നഷ്ടം സഹിച്ച് സ്റ്റോക്കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബേങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു.
വടകരയില്‍ അഞ്ച് മൊത്ത വ്യാപാര കേന്ദ്രങ്ങളാണുള്ളത്. ഒന്ന് കുറ്റിയാടിയിലും മറ്റൊന്ന് കെ ടി മമ്മുവിന്റെ ഉടമസ്ഥതിയിലുമുള്ളതാണ്. സസ്‌പെന്‍ഡ് ചെയ്ത കടയിലെ സ്റ്റോക്കുകള്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെ വടകര വില്ലേജ് ഓഫീസര്‍ മാര്‍കണ്‌ഠേയന്‍, വടകര പോലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ റേഷന്‍ മൊത്ത വ്യാപാരകേന്ദ്രം പൂട്ടി സീല്‍ ചെയ്തു.
താലൂക്കില്‍ 55 റേഷന്‍ കടകളാണുള്ളത്. മാസത്തിന്റെ തുടക്കമായതിനാല്‍ അരി വരവ് തുടങ്ങിയിട്ടില്ല. ആയതിനാല്‍ മൂന്ന്, നാല് ദിവസത്തേക്ക് റേഷന്‍കടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാകില്ല. ഓരോ റേഷന്‍ കടകളിലേക്കുമുള്ള റേഷന്‍ സാധനങ്ങളടെ ലിസ്റ്റ് അയച്ച് ഇന്‍ഡന്റ് അയച്ചാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ പാസാകുകയുള്ളൂ. റേഷന്‍ വിതരണം സുഗമമായി നടത്താന്‍ ഇന്നുമുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. അതോടൊപ്പം കേസിന്റെ സ്വഭാവം നോക്കി മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീലത പരഞ്ഞു. സംഭവം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഡി എസ് ഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം, റേഷന്‍ സാധനങ്ങള്‍ തിരിമറി നടത്തുന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി റൂറല്‍ എസ് പിയുടെ നിര്‍ദേശപ്രകാരം കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. വടകര സി ഐ. എം സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. ഇപ്പോള്‍ കേസന്വേഷിക്കുന്ന ചോമ്പാല എ എസ് ഐ പി ദിലീപ് കുമാര്‍, വടകര ട്രാഫിക് എസ് ഐ സുരേഷ് എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ ടീമിനാണ് അന്വേഷണ ചുമതല. ടീമിന്റെ നേതൃത്വത്തില്‍ റേഷന്‍ ഷോപ്പുകളിലടക്കം പരിശോധന നടക്കും. റേഷന്‍ കടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെയടക്കം അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ഇതിനിടെ, റേഷന്‍ ഗോതമ്പ് കടത്തുമ്പോള്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ചോറോട് ചേന്ദന്‍ കുളങ്ങര അജു, ക്ലീനര്‍ മേപ്പയില്‍ കുന്നത്ത് ബിജു എന്നിവര്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

Latest