Connect with us

Malappuram

മാലിന്യവുമായി ജനപ്രതിനിധികളുടെ വീട്ടിലേക്ക് മൈലാടി നിവാസികള്‍ മാര്‍ച്ച് നടത്തും

Published

|

Last Updated

കോട്ടക്കല്‍: മൈലാടി സമര സമിതി മാലിന്യവുമായി ജന പ്രതിനിധികളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്ഥലം എം എല്‍ എ, നഗരസഭ പ്രതിനിധികള്‍ എന്നിവരുടെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തുക. 
കഴിഞ്ഞ ദിവസം ജില്ലാ കലക്ടറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കും. എന്നിട്ടും തീരുമാനം എടുക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെങ്കില്‍ ജനപ്രതിനിധികളുടെ വീട്ടിലേക്ക് മാലിന്യവുമായി നീങ്ങും. മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തി വരുന്ന സമരം 57 ദിവസം പിന്നിട്ടിട്ടും വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ജന പ്രതിനിധികള്‍ പ്രദേശത്തേക്കെത്തിനോക്കിയിട്ടില്ല. പ്രശ്‌നം സംബന്ധിച്ച് ഡി എം ഒ റിപ്പോര്‍ട്ട് നല്‍കി. ആര്‍ ഡി ഒ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
എന്നാല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാനോ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങാനോ സ്ഥലം എം എല്‍ എ അടക്കമുള്ളവര്‍ ശ്രമിക്കുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുകയും തലകുലുക്കി സമ്മതിക്കുകയുമാണ് നഗരസഭ അധികൃതരുടെ നിലപാട്. പ്രദേശത്തെ ജനമാണ് മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ വീട്ടിലേക്ക് മാലിന്യവുമായി മാര്‍ച്ച് നടത്തുന്നതിന് ഒരുങ്ങുന്നത്. ആര്‍ ഡി ഒയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനാവാത്ത നഗരസഭ സമര സമിതിയുടെ പേരില്‍ കള്ളക്കഥകള്‍ മെനയുകയാണിപ്പോള്‍. മാലിന്യം നീക്കാനായി എത്തിയ ജോലിക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചത്.
എന്നാല്‍ കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ തന്നെ ജോലി ഉപേക്ഷിക്കുകയാണുണ്ടായത്. പ്ലാന്റ് അടച്ചു പൂട്ടണമെന്നും പരിസരത്തെ വളപ്പില്‍ കുഴിച്ച് മൂടിയ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കണമെന്നും സമിതി അംഗങ്ങളായ ചെരട മുഹമ്മദ്, പി പി മൊയ്തീന്‍ കുട്ടി, കെ വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ പറഞ്ഞു.