Connect with us

National

യോഗ്യതകളില്ലാത്ത അധ്യാപകരെ നിയമിക്കുന്നതിനെതിരെ കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രാഥമിക വിദ്യാലയങ്ങളില്‍ മതിയായ യോഗ്യതകളില്ലാത്ത അധ്യാപകരെ അനൗപചാരികമായി സംസ്ഥാന സര്‍ക്കാറുകള്‍ നിയമിക്കുന്നതില്‍ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. ഇത്തരം നയപരിപാടികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും രാജ്യത്തിന്റെ ഭാവിയെയും നശിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ സമ്പ്രദായത്തിനെതിരെ കടുത്ത നീരസമാണ് ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ച് പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും ഇത്തരത്തിലുള്ള നീക്കമുണ്ടാകുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നയം രാജ്യത്തിന്റെ ഭാവിയെ നശിപ്പിക്കുന്നതാകരുത്. അധ്യാപകരുടെ യോഗ്യത തങ്ങള്‍ക്കറിയേണ്ടതുണ്ട്. കോടതി പറഞ്ഞു. സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളില്‍ “വിദ്യാ സഹായകി”ന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആര്‍ട്ടിക്കിള്‍ 21 എ നിലനില്‍ക്കുമ്പോള്‍ ഇത്തരമൊരു നയം കൊണ്ടുവരാന്‍ എങ്ങനെ സാധിക്കും? ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഉത്തര്‍ പ്രദേശിലും ഇത്തരം നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം “വിദ്യാ സഹായി”മാര്‍ “വിദ്യാ ശത്രു”ക്കളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമിക്കാന്‍ പോകുന്ന അധ്യാപകരുടെ യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
സാധാരണ അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ നാലിലൊരു ഭാഗം പോലും പല സംസ്ഥാനങ്ങളിലും ഇത്തരം അധ്യാപകര്‍ക്ക് നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 21എ നിലനില്‍ക്കുന്ന കാലത്തോളം ഇത് തുടരാന്‍ അനുവദിക്കാനാകില്ല. വിദ്യാഭ്യാസത്തിന്റെ ഗുണത്തിലാണ് തങ്ങളുടെ ആശങ്ക. രാജ്യത്ത് പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കോടതിക്ക് വളരെ ഗൗരവ നിലപാടാണ് ഉള്ളത്. മതിയായ യോഗ്യതയില്ലാതെ പിന്‍വാതില്‍ വഴി അധ്യാപക നിയമനം നടത്തുക വഴി മൊത്തം വിദ്യാഭ്യാസ സംവിധാനത്തെയാണ് തകര്‍ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest