Connect with us

Gulf

23-ാം അബുദാബി രാജ്യാന്തര പുസ്തക മേളക്ക് തുടക്കം

Published

|

Last Updated

അബുദാബി:23ാമത് അബുദാബി രാജ്യാന്തര പുസ്തകമേളക്ക് തുടക്കമായി. മേള അബുദാബി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജുമാ അബ്ദുല്ല അല്‍ ഖുബൈസി, ശൈഖ് സായിദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഹ്മദ് ശബീബ് അല്‍ ദാഹിരി, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സാഹിത്യകാരന്മാരും എഴുത്തുകാരും സംബന്ധിച്ചു.
50 രാജ്യങ്ങളില്‍ നിന്നുള്ള 1,025 പവലിയനുകളിലായി 30 ഭാഷകളിലായുള്ള അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ചര്‍ച്ചകളും സാഹിത്യ സംവാദങ്ങളും കവിതാ പാരായണവും കഥ പറയലും നടക്കും.
ഹാള്‍ 12 കെ 50 ഡിസ്‌കഷന്‍ സോഫയില്‍ ലോകപ്രശസ്തരായ സാഹിത്യകാരന്മാരും എഴുത്തുകാരും വിവിധ വിഷയങ്ങളില്‍ സദസുമായി സംവദിക്കും. ഹാള്‍ 1-1-10 ജി 48ലെ ദി ടെന്റില്‍ കുട്ടികളുടെ കഥ പറയലും കവിതാ പാരായണവും നടക്കും. ഹാള്‍ എച്ച് 9-50ല്‍ പ്രമുഖ എഴുത്തുകാരുടെ പുതിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് നേരില്‍ ഒപ്പ് വെച്ച് നല്‍കും. ബുക്ക് ഡൈനിംഗ് കോര്‍ണര്‍ ഹാള്‍ എച്ച് 12 ജെ 36 ല്‍ പാചക കലയുടെ പുതിയ രുചികളും സ്വാദും നേരില്‍ അറിയാനും പാചക പുസ്തകങ്ങളെ പരിചയപ്പെടാനും അവസരമുണ്ട്.
ജി സി സി സ്റ്റേജ് ഹാള്‍ എച്ച് 10-എ 01ല്‍ ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാരെയും കവികളെയും സാഹിത്യകാരന്മാരെയും നേരില്‍ കാണാനും സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയുടെ ഭാഗമായുള്ള ബുക്‌സ് ഡൈനിംഗ് സെഷനില്‍ എഴുത്തുകാരനും സിറാജ് ദിനപത്ര എഡിറ്റര്‍ ഇന്‍ചാര്‍ജുമായ കെ എം അബ്ബാസിന്റെ ഒട്ടകം എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച 28ന് വൈകുന്നേരം 7.30ന് നടക്കും. പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ അക്ബര്‍ കക്കട്ടില്‍ 29ന് സാംസ്‌കാരിക സദസില്‍ സംവദിക്കും.
കുട്ടികളില്‍ വായനാശീലം വളര്‍ത്താനായി ഈ വര്‍ഷവും മൂന്ന് മില്യണ്‍ ദിര്‍ഹമിന്റെ സൗജന്യ കൂപ്പണ്‍ നല്‍കും.
പുസ്തകമേളയുടെ ഇന്ത്യന്‍ സാംസ്‌കാരിക സദസ് ഒരുക്കുന്ന സിറാജ് പവലിയന്‍ ഉദ്ഘാടനം ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്‌നൂന്‍ ഡോ. കെ കെ എന്‍ കുറുപ്പില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു.
സമ്മേളനത്തിനെത്തുന്നവര്‍ക്ക് വാഹന പാര്‍ക്കിംഗ് സൗജന്യമാണ്.