Connect with us

Sports

മ്യൂണിക്കില്‍ ഇന്ന് മെസിയിറങ്ങും

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നാരംഭിക്കും. സെമിയുടെ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ ജര്‍മനിയില്‍ ഇന്നിറങ്ങും. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലും നടക്കുന്നത് ജര്‍മനിയിലാണ്. ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടും സ്പാനിഷ് ടീം റയല്‍മാഡ്രിഡും തമ്മില്‍. റിട്ടേണ്‍ ലെഗ് മുപ്പതിനും മെയ് ഒന്നിനും.

പരുക്ക് ഭേദപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ സ്‌ക്വാഡില്‍ തിരിച്ചെത്തിയതാണ് വലിയ വാര്‍ത്ത. ജര്‍മനിയില്‍ എതിരില്ലാത ചാമ്പ്യന്‍പട്ടത്തിലെത്തിയ ബയേണ്‍മ്യൂണിക്കിനെ നേരിടാന്‍ ബാഴ്‌സക്ക് മെസിയുടെ സൂപ്പര്‍ പവര്‍ അനിവാര്യമാണ്. ലാ ലിഗയില്‍ സരഗോസക്കെതിരെയും ലെവന്റെക്കെതിരെയും വിശ്രമിച്ച മെസി ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ് ബെറ്റാണ്. ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയിനെതിരെ ഹോംഗ്രൗണ്ടില്‍ ബാഴ്‌സ പരാജയം തുറിച്ചു നോക്കിയപ്പോള്‍ പരുക്കുമായി കളിത്തിലിറങ്ങിയ മെസി തന്റെ സാന്നിധ്യം കൊണ്ട് മത്സരം ബാഴ്‌സക്കനുകൂലമാക്കിയിരുന്നു. അര്‍ജന്റൈന്‍ സൂപ്പര്‍ സ്റ്റാറിന്റെ ഈ സാന്നിധ്യമാണ് ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഏറെ ഗൗരവത്തോടെ കാണുന്നത്. ഞായറാഴ്ച രാവിലെ ബാഴ്‌സലോണയുടെ പരിശീലന സെഷനില്‍ നിറഞ്ഞു നിന്ന ലയണല്‍ മെസി സഹതാരങ്ങള്‍ നല്‍കിയ ഊര്‍ജവും ആത്മവിശ്വാസവും ചില്ലറയല്ല. മെസി പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് ടീം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എങ്കിലും മെസിയെ മ്യൂണിക്കിലേക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെന്ന് ബാഴ്‌സലോണ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു. പരുക്ക് കാരണം ജാവിയര്‍ മഷെറാനോക്കും കാര്‍ലസ് പ്യുയോളിനും മത്സരം നഷ്ടമാകും.
മെസി വരുന്നതോടെ ആദ്യ ഇലവനില്‍ നിന്ന് പുറത്താവുക സെസ്‌ക് ഫാബ്രിഗസാണ്. എന്നാല്‍, ഇതില്‍ ഫാബ്രിഗസിന് നിരാശയില്ല. മെസി തയ്യാറായിക്കഴിഞ്ഞു. അയാളാണ് ബാഴ്‌സയുടെ പ്രധാന താരം. പി എസ് ജിക്കെതിരെ ടീം കുഴഞ്ഞപ്പോള്‍ പരുക്ക് വകവെക്കാതെ കളിക്കാനിറങ്ങിയ മെസി മാതൃകാതാരമാണ്. അദ്ദേഹത്തിന് വേണ്ടി മാറിക്കൊടുക്കുന്നത് പോലും സംതൃപ്തി നല്‍കുന്നതാണ്-ഫാബ്രിഗസ് പറഞ്ഞു. മെസിയുട അഭാവത്തില്‍ ലെവന്റെക്കെതിരെ ബാഴ്‌സയുടെ വിജയഗോള്‍ നേടിയത് ഫാബ്രിഗസായിരുന്നു. വെംബ്ലിയില്‍ റയല്‍മാഡ്രിഡ്-ബാഴ്‌സലോണ ക്ലാസിക് ഫൈനല്‍ നടക്കണമെന്നതാണ് ഫാബ്രിഗസിന്റെ സ്വപ്‌നം. മാന്ത്രികനായ മെസിയുടെ സാന്നിധ്യം ബാഴ്‌സലോണയെ ഉത്തേജിപ്പിക്കുമെന്ന് സഹതാരം ഡാനി ആല്‍വസ് പറഞ്ഞു. മെസി ജന്‍മം കൊണ്ട് ഫുട്‌ബോള്‍ പ്രതിഭയാണ്, ക്രിസ്റ്റ്യാനോ കഠിനാധ്വാനം ചെയ്താണ് വലിയ താരമായി മാറിയത്. ഇവര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്-മാധ്യമപ്രവര്‍ത്തകര്‍ മെസി-ക്രിസ്റ്റ്യാനോ താരതമ്യം ഉന്നയിച്ചപ്പോള്‍ ബ്രസീലിയന്‍ ഫുള്‍ബാക്ക് നല്‍കിയ മറുപടി ഇതായിരുന്നു.
പ്യുയോളിന്റെയും മഷെറാനോയുടെയും അഭാവത്തില്‍ ബാഴ്‌സയുടെ പ്രതിരോധ ചുമതല ജെറാര്‍ഡ് പീക്വെയിലാണ്. ഫുട്‌ബോളില്‍ ഒരു ദശകമായി ജര്‍മനിക്ക് മേല്‍ സ്‌പെയിനിനുള്ള ആധിപത്യം ചാമ്പ്യന്‍സ് ലീഗിലും തുടരുന്നത് കാണാം എന്നാണ് പീക്വെ പറയുന്നത്.
പുതിയ നൂറ്റാണ്ടില്‍, ബാഴ്‌സലോണ മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടി. ഇക്കാലയളവില്‍ സ്‌പെയിന്‍ രണ്ട് തവണ (2008,2012) യൂറോപ്യന്‍ ചാമ്പ്യന്‍മാരായി. 2010 ല്‍ ലോകചാമ്പ്യന്‍മാരും. സ്പാനിഷ് പൊസെഷന്‍ ബേസ്ഡ് സ്റ്റൈല്‍ ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ചു. ബയേണിനെ ബാഴ്‌സലോണ കൈകാര്യം ചെയ്യുന്നത് ഇതേ രീതിയിലാകുമെന്ന് പീക്വെയുടെ മുന്നറിയിപ്പ്.
ജര്‍മനിയില്‍ ആറ് മത്സരങ്ങള്‍ ശേഷിക്കെ കിരീടം ഉറപ്പിച്ചവരാണ് ബയേണ്‍ മ്യൂണിക്ക്. ഫ്രാങ്ക് റിബറി, തോമസ് മുള്ളര്‍, ആര്യന്‍ റോബന്‍, മരിയോ ഗോമസ്, ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗര്‍, ഫിലിപ് ലാം എന്നീ സൂപ്പര്‍ താരനിര ബയേണിനെ അനിഷേധ്യ നിരയാക്കുന്നു. സീസണിലെ ഏറ്റവും മികച്ച ടീം എന്ന് ബയേണിനെ വിശേഷിപ്പിക്കാവുന്നതാണ് അവരുടെ ഫോം. ബുണ്ടസ് ലീഗ ജയിച്ച ബയേണ്‍ ജര്‍മന്‍ കപ്പിന്റെ ഫൈനലിലെത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ ട്രിപ്പിള്‍ ആണ് കോച്ച് ജുപ് ഹെയിന്‍കസ് ലക്ഷ്യമിടുന്നത്. ഇറ്റലിയില്‍ തുടരെ രണ്ടാം കിരീടത്തിലേക്ക് കുതിക്കുന്ന ജുവെന്റസിനെ ക്വാര്‍ട്ടറില്‍ ബയേണ്‍ പരാജയപ്പെടുത്തിയത് ഇരുപാദത്തിലുമായി 4-0നാണ്. ടുറിനില്‍ ജുവെന്റസിന്റെ തട്ടകത്തില്‍ ബയേണ്‍ ജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒഴുക്കുള്ള ഫുട്‌ബോള്‍ കാഴ്ചവെച്ച ബയേണ്‍ കിരീടം അര്‍ഹിക്കുന്നുവെന്ന് മത്സരശേഷം ജുവെന്റസ് ഗോള്‍കീപ്പര്‍ ബുഫണ്‍ അഭിപ്രായപ്പെട്ടിരുന്നു. ബാഴ്‌സലോണ മികച്ച ടീമാണെങ്കിലും യൂറോപ്പില്‍ നിലവില്‍ മികച്ച ടീം ബയേണ്‍ മ്യൂണിക്കാണെന്ന് ബുഫണ്‍ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറഞ്ഞത്.
ബുണ്ടസ് ലിഗില്‍ മുപ്പത് മത്സരങ്ങളില്‍ 26ഉം ബയേണ്‍ ജയിച്ചു. ഒരു മത്സരം മാത്രമാണ് പരാജയപ്പെട്ടത്. അടിച്ചുകൂട്ടിയത് 89 ഗോളുകള്‍. വഴങ്ങിയത് പതിനാല് ഗോളുകള്‍. കിരീടമില്ലാത്ത രണ്ട് സീസണുകള്‍ക്ക് ശേഷം ബയേണ്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. കോച്ച് ജുപ് ഹെയിന്‍കസിന്റെ സാന്നിധ്യമാണ് ബയേണിന്റെ കരുത്ത്.
അടുത്ത സീസണില്‍ ബാഴ്‌സയുടെ മുന്‍ കോച്ച് പെപ് ഗോര്‍ഡിയോള ബയേണിന്റെ ഏറ്റെടുക്കും. ബാഴ്‌സയെ തോല്‍പ്പിക്കാന്‍ ഹെയിന്‍കസ് ഗോര്‍ഡിയോളയുടെ സഹായം തേടിയെന്ന വാര്‍ത്ത ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ജുപ് ഹെയിന്‍കസ് കടുത്തഭാഷയിലാണ് പ്രതികരിച്ചത്. ബയേണിന് വേണ്ടി ഞാന്‍ എന്ത് ചെയ്തുവെന്നതല്ല മാധ്യമങ്ങള്‍ അന്വേഷിക്കുന്നത്. അവര്‍ തന്റെ പരിശ്രമങ്ങളെ വിലകുറച്ച് കാണുന്നു-ഹെയിന്‍കസ് കുറ്റപ്പെടുത്തി.
ബാഴ്‌സയും ബയേണും അഞ്ചാമത് ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. നാല് സീസണിനിടെ ബയേണിന്റെ മൂന്നാം സെമിഫൈനലാണിത്. തുടരെ ആറാം വര്‍ഷമാണ് ബാഴ്‌സ സെമി കളിക്കുന്നത്-ഇത് റെക്കോര്‍ഡാണ്. ബയേണ്‍ ഇക്കാലയളവില്‍ രണ്ട് ഫൈനലുകള്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം ചെല്‍സിയോട് ഷൂട്ടൗട്ടിലേറ്റതാണ് ഹൃദയഭേദകം. ബാഴ്‌സയാകട്ടെ, 2009,2011 ല്‍ പെപ് ഗോര്‍ഡിയോളക്ക് കീഴില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി.
സീസണിലെ കരുത്തുറ്റ ടീം ബയേണ്‍ ആണ്. എന്നാല്‍, അവരെ കീഴടക്കാനുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ടീം ബാഴ്‌സ മാത്രമാണ്- ബാഴ്‌സലോണ അസിസ്റ്റന്റ് കോച്ച് ജോര്‍ഡി റൗറ പറഞ്ഞു. സസ്‌പെന്‍ഷന്‍ കാരം മരിയോ മാന്‍ഡുകിചിനും(ബയേണ്‍), അഡ്രിയാനോ (ബാഴ്‌സ)ക്കും ഇന്നിറങ്ങാന്‍ സാധിക്കില്ല. ഇന്ന് മഞ്ഞക്കാര്‍ഡ് കണ്ടാല്‍ രണ്ടാംപാദ സെമി നഷ്ടമാകുന്നവര്‍ ആറ് പേരാണ്. ബയേണിന്റെ ഡാന്റെ, ഫിലിപ് ലാം, ലൂയിസ് ഗുസ്താവോ, ബാഴ്‌സലോണയുടെ ജെറാര്‍ഡ് പീക്വെ, ജോര്‍ഡി അല്‍ബ, അലക്‌സ് സോംഗ് എന്നിവര്‍.

Latest