Connect with us

Palakkad

സീതാര്‍കുണ്ട് സഞ്ചാരികളുടെ ദൃശ്യാസ്വാദനത്തിനു മിഴിവ് പകരുന്നു

Published

|

Last Updated

പാലക്കാട്: കാടിന്റെ വന്യതയും പ്രകൃതിയുടെ സൗന്ദര്യവും അണിഞ്ഞു നില്‍ക്കുന്ന സീതാര്‍കുണ്ട് സഞ്ചാരികളുടെ ദൃശ്യാസ്വാദനത്തിനു മിഴിവു പകരുന്നു. മലനിരകള്‍ക്കിടയിലൂടെ വെള്ളി വെളിച്ചത്തിന്റെ നിറച്ചാര്‍ത്തുമായി നില്‍ക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം സഞ്ചാരികളുടെ മനം മയക്കുന്നതാണ്.
ത്രേതായുഗത്തില്‍ വനവാസ കാലത്തു രാമ ലക്ഷ്മണ സമേതം ഇവിടെയെത്തിയ സീത കുളിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലമാണു പിന്നീടു സീതാര്‍കുണ്ട് എന്ന് അറിയപ്പെടുന്നത്.—ഇതിനാല്‍ ഇവിടെ വന്നു കുളിക്കുന്നതു പുണ്യമായി കരുതുന്നവരും ഇവിടെയുണ്ട്. നെല്ലിയാമ്പതിയിലെ വിനോദ സഞ്ചാരികളെ കൊതിപ്പിക്കുന്ന “വ്യൂ പോയിന്റ് മേലേ സീതാര്‍കുണ്ടിലാണു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കാഴ്ച പാലക്കാടന്‍ ചുരത്തിന്റെ വൈവിധ്യമാണു പകര്‍ന്നു നല്‍കുന്നത്. ഇതു കാണുന്നതിനായി അവധിക്കാലത്തുള്‍പ്പെടെ ധാരാളം പേര്‍ ഇവിടെയെത്താറുണ്ട്.
വനം പരിസ്ഥിതി സ്‌നേഹികളുടെ ഇഷ്ട കേന്ദ്രമാണു സീതാര്‍കുണ്ട് വെള്ളച്ചാട്ടം.—കൊല്ലങ്കോടു നിന്നും ചിങ്ങംചിറ വഴി മലയുടെ താഴ്‌വരയിലെത്തുന്ന പരിസ്ഥിതി സംഘം ഇതുവഴി നെല്ലിയാമ്പതിയിലേക്കു ട്രക്കിങ് നടത്താറുണ്ട്. ട്രക്കിങ്ങിനായി എത്തുന്നവര്‍ക്കായി കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെയുള്ളത്.
സീതാര്‍കുണ്ട് ഭാഗത്തു വാച്ച് ടവര്‍ സ്ഥാപിക്കുകയാണെങ്കില്‍ ചുള്ളിയാര്‍, മീങ്കര, കമ്പാലത്തറ ഡാമുകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും സഞ്ചാരികള്‍ക്കു കഴിയും. വന്യജീവികളുടെ സാന്നിധ്യവും ഇവിടേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.—
നെല്ലിയാമ്പതി മലനിരയില്‍ നിന്ന് ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം ദൃശ്യ മനോഹരമാണ്. ഈ വെള്ളച്ചാട്ടം കാണുന്നതിനായാണു സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. കടുത്ത വേനല്‍ നിലനില്‍ക്കുന്ന സമയത്തും സീതാര്‍കുണ്ടില്‍ ചെറിയ തോതിലെങ്കിലും വെള്ളച്ചാട്ടം ഉണ്ടാവുമെന്നതു ഇവിടത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിയന്ത്രണമില്ലാതെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.—ഈ മേഖലയെ ടൂറിസത്തിനു കീഴില്‍ വരുത്തുകയാണെങ്കില്‍ ഇവിടേക്കു സഞ്ചാരികള്‍ക്കു സുരക്ഷിതമായി വന്നു കാഴ്ച കാണുന്നതിനു സൗകര്യം ലഭ്യമാക്കാന്‍ കഴിയും. ഇവിടത്തെ വനഭൂമിയിലുള്‍പ്പെടുന്ന മേഖലയായതിനാല്‍ വനം വകുപ്പിന്റെ സാന്നിധ്യവും ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമ്പോള്‍ ഇവിടെത്തെ വന്യജീവികളെയും സംരക്ഷിക്കുന്നതിനു കഴിയുമെന്നു പറയുന്നു.
അധികൃതര്‍ ഈ പ്രദേശത്തെക്കുറിച്ചു യാതൊരു വിവരവും ടൂറിസം മാപ്പില്‍ നല്‍കാതെ തന്നെ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നൂറുകണക്കിനാളുകളാണു ദിവസവും ഇവിടെ എത്തുന്നത്.—അവധി ദിവസങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്.
ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ഇവിടത്തെ സാഹചര്യം ശരിയായ രീതിയില്‍ വിനിയോഗിക്കുകയാണെങ്കില്‍ ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനു കഴിയും. ഇതുവഴി വരുമാനത്തിലും ടൂറിസം വരുമാനത്തിലും വര്‍ധനയുണ്ടാവും. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചു സീതാര്‍കുണ്ട് ടൂറിസം മേഖലയാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

Latest