Connect with us

Palakkad

ശശീന്ദ്രന്റെ മരണം: കൂടുതല്‍ തെളിവുകളുമായി ഭാര്യയും സഹോദരനും

Published

|

Last Updated

പാലക്കാട്:മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് സഹോദരന്‍ ഡോ സനല്‍കുമാര്‍ പറഞ്ഞു ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് വേലായുധന്‍ മാസ്റ്ററും പറഞ്ഞു.
ശശീന്ദ്രന്റെ മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയില്ല. ഇതിനെക്കുറിച്ച് സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അവ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും സഹാദരന്‍ പറഞ്ഞു.
സി ബി എ അതെക്കുറിച്ച് അന്വേഷണം നടത്തിയെന്നാണ് കരുതുന്നതെന്ന് സനല്‍കുമാര്‍ പറഞ്ഞു. ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നതിനും മരണത്തില്‍ രാധാകൃഷ്ണനു പങ്കുണ്ടെന്നതിനും തെളിവുകളുണ്ടെന്ന് ശശീന്ദ്രന്റെഭാര്യ ടീനയും അഭിപ്രായപ്പെട്ടു. സി ബി ഐക്ക് എന്തൊക്കെ തെളിവുകള്‍ ലഭിച്ചെന്ന് അറിയില്ല. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സി ബി ഐ തീരുമാനിക്കട്ടെയെന്നും, സിബിഐ അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ടീന ശശീന്ദ്രന്‍ പറഞ്ഞു.
ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പാലക്കാട്ടെ വിവാദ വ്യവസായി വി എം രാധാകൃഷ്ണനെ ചൊവ്വാഴ്ച രാത്രിയില്‍ കൊച്ചിയിലെത്തിച്ച് സി ബി ഐ ചോദ്യംചെയ്യല്‍ തുടങ്ങി. ചോദ്യം ചെയ്തിനെ തുടര്‍ന്ന് ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തെളിവുകളാണ് സി ബി ഐക്ക് ലഭിച്ചതെന്നു പറയുന്നു.
എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. 2011 ജനവരി 24 നാണ് ശശീന്ദ്രനെയും മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെയും പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ ജോലികഴിഞ്ഞെത്തിയ ഭാര്യ ടീനയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. കൊല്ലങ്കോട് നെന്മേനി സ്വദേശിയായ ശശീന്ദ്രന്‍, മലബാര്‍ സിമന്റ്‌സിലെ ഇന്റേണല്‍ ഓഡിറ്റര്‍കൂടിയായിരുന്നു.
മലബാര്‍ സിമന്റ്‌സിലെ കരാറുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷിച്ച അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയുമായിരുന്നു ശശീന്ദ്രന്‍. മരിക്കുന്നതിന് മൂന്നുമാസംമുമ്പ്, 2010 സപ്തംബറില്‍, ശശീന്ദ്രന്‍ മലബാര്‍ സിമന്റ്‌സിലെ കമ്പനി സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

Latest