Educational News
സ്കൂളിനെ അറിയിക്കാതെ പഠനം നിർത്തിയാൽ വിദ്യാർഥി വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി
സ്കൂളിനെ അറിയിക്കാതെ പഠനം നിർത്തുകയോ, ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയോ, പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താൽ, ഭാവിയിൽ യുഎസ് വിസകൾക്ക് അയോഗ്യതയുണ്ടായേക്കാമെന്നും എംബസി

ന്യൂഡൽഹി | അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. സ്കൂളിനെ അറിയിക്കാതെ പഠനം നിർത്തുകയോ, ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയോ, പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താൽ വിദ്യാർത്ഥി വിസ റദ്ദാക്കപ്പെടുമെന്ന് എംബസി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. വിസയുടെ നിബന്ധനകൾ പാലിക്കാനും ഭാവിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥി പദവി നിലനിർത്താനും എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
“നിങ്ങൾ സ്കൂളിനെ അറിയിക്കാതെ പഠനം നിർത്തുകയോ, ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുകയോ, നിങ്ങളുടെ പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താൽ, വിദ്യാർത്ഥി വിസ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ഭാവിയിൽ യുഎസ് വിസകൾക്ക് നിങ്ങൾക്ക് അയോഗ്യതയുണ്ടായേക്കാം. പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലായ്പ്പോഴും നിങ്ങളുടെ വിസയുടെ നിബന്ധനകൾ പാലിക്കുകയും നിങ്ങളുടെ വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യുക” – എംബസി അറിയിച്ചു.
അമേരിക്കൻ സർവകലാശാലകളിലേക്ക് വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നുണ്ട്.
2023-ൽ, ഇന്ത്യയിലെ യുഎസ് കോൺസുലാർ ടീം 1,40,000-ത്തിലധികം വിദ്യാർത്ഥി വിസകൾ അനുവദിച്ചു. ഇത് മറ്റേതൊരു രാജ്യത്തെക്കാളും കൂടുതലാണ്. അതേ വർഷം, ഇന്ത്യയിലെ യുഎസ് മിഷൻ റെക്കോർഡ് വേഗത്തിൽ 1.4 ദശലക്ഷം വിസകൾ പ്രോസസ്സ് ചെയ്യുകയും ചെയ്തിരുന്നു.