TTE attacked
ടി ടി ഇമാര്‍ക്കു നേരെ കൈയ്യേറ്റം നടത്തിയ രണ്ടുപേര്‍ പിടിയില്‍; ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു
കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്
എറണാകുളം | ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരിവച്ച് ടി ടി ഇമാര്‍ക്കു നേരെ കൈയ്യേറ്റം നടത്തിയ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പോലീസ് പിടികൂടി.ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടി ടി ഇമാരായ യു പി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്.
സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടി ടി ഇ മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകുകയോ വേണമെന്നു പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ടി ടി ഇ മനോജ് വര്‍മ പറഞ്ഞു. പുറത്തുണ്ടായിരുന്ന ടിടി ഇ ഷമ്മി രാജ് പ്രതിയെ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ച് ഓടുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടി. പിന്നീടാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്റെ എ സി കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്.
ഇവരെ ആര്‍ പിഎ ഫ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി ടി ടി ഇയെ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും ടിടിഇമാര്‍ക്കുനേരെ ആക്രമണം ഉണ്ടായത്.