Educational News
സ്‌കൂള്‍ ലൈബ്രറി അവാര്‍ഡ്: മൂന്നാം സ്ഥാനം നേടി മര്‍കസ് ഗേള്‍സ് സ്‌കൂള്‍
ഫോട്ടോ: താമരശ്ശേരി വിദ്യാഭ്യാസ ജില്ല മികച്ച സ്‌കൂള്‍ ലൈബ്രറി അവാര്‍ഡിനുള്ള പുരസ്‌കാരം മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചോല ഏറ്റുവാങ്ങുന്നു.
കാരന്തൂര്‍| താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ലൈബ്രറിക്കുള്ള എക്‌സലന്‍സ് അവാര്‍ഡില്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലൈബ്രറി പുസ്തക വിതരണം, കുട്ടികളുടെ ആസ്വാദനക്കുറിപ്പ്, ക്ലാസ് ലൈബ്രറി, ഓപ്പണ്‍ ലൈബ്രറി എന്നിവ പരിശോധിച്ചും കുട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തിയുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന മുഹീനുദ്ദീന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്.
കൂടത്തായി സെന്റ്‌മേരിസ് സ്‌കൂളും നൊച്ചാട് ഗവണ്‍മെന്റ് സ്‌കൂളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. മര്‍കസ് ഗേള്‍സിനൊപ്പം ചക്കാലക്കല്‍ ഹൈസ്‌കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.
കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച വായനക്കൂട്, കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായ ഈസി റീഡിങ് റൂം തുടങ്ങിയ വേറിട്ട പദ്ധതികളാണ് മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ ഹെഡ്മാസ്റ്റര്‍മാരും സംബന്ധിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ കണ്ണൂര്‍ ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കലക്ടര്‍ സുബൈര്‍ കെ കെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ജില്ലയുടെ അധിക ചുമതലയുള്ള പ്രമോദ് കെ വി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ സജി ജോണ്‍ സ്വാഗതവും നിയാസ് ചോല നന്ദിയും പറഞ്ഞു.
Content Highlights:
Markaz Girls High School secured third place in the Thamarassery educational district excellence award for the best school library. Unique initiatives like Vayanakkoodu and Easy Reading Room helped the school achieve the recognition. Deputy Collector Subair KK distributed certificates at the event.




