Editors Pick
പഴയ ഇമെയിൽ ഐഡി മാറ്റണോ? ജിമെയിൽ അഡ്രസ് മാറ്റാനുള്ള പുതിയ ഫീച്ചറുമായി ഗൂഗിൾ
ജിമെയിൽ അഡ്രസ് മാറ്റിയാലും പഴയ അക്കൗണ്ടിലെ ഇമെയിലുകൾ ഒന്നും തന്നെ നഷ്ടമാകില്ല
ന്യൂഡൽഹി | വർഷങ്ങൾക്ക് മുൻപ് ക്രിയേറ്റ് ചെയ്തതും ഇപ്പോൾ ഉപയോഗിക്കാൻ മടിയുള്ളതുമായ ജിമെയിൽ അഡ്രസുകൾ മാറ്റാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കി ഗൂഗിൾ. ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ ആണ് ഈ പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്. 2004 ലാണ് ജിമെയിൽ ആരംഭിച്ചതെന്നും എന്നാൽ നിങ്ങളുടെ ജിമെയിൽ അഡ്രസ് ആ കാലഘട്ടത്തിൽ തന്നെ കുടുങ്ങിക്കിടക്കേണ്ടതില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സിൽ പോയി ലഭ്യമായ പുതിയ അഡ്രസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. നിലവിൽ തിരഞ്ഞെടുത്ത കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ ഇത് എല്ലാവരിലേക്കും എത്തും.
ജിമെയിൽ അഡ്രസ് മാറ്റിയാലും പഴയ അക്കൗണ്ടിലെ ഇമെയിലുകൾ ഒന്നും തന്നെ നഷ്ടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പഴയ അഡ്രസ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് തന്നെ തുടരും. അതിനാൽ പഴയ അഡ്രസിലേക്ക് ആരെങ്കിലും മെയിൽ അയച്ചാൽ അത് പുതിയ ഇൻബോക്സിൽ തന്നെ ലഭിക്കും. കൂടാതെ പഴയ അഡ്രസ് മറ്റാർക്കും ഉപയോഗിക്കാൻ സാധിക്കുകയുമില്ല.
ഇതുകൂടാതെ ജിമെയിലിൽ എ ഐ ഇൻബോക്സ് എന്ന പുതിയ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചു. ജെമിനി എ ഐയുടെ സഹായത്തോടെ ഇൻബോക്സിലെ തിരക്കുകൾ ഒഴിവാക്കി പ്രധാനപ്പെട്ട മെയിലുകൾക്ക് മുൻഗണന നൽകാൻ ഇതിലൂടെ സാധിക്കും. ബില്ലുകൾ അടയ്ക്കാനുള്ള തീയതികൾ പ്രത്യേകം ഹൈലൈറ്റ് ചെയ്ത് കാണിക്കാനും യാത്രകൾ, റെസ്റ്റോറന്റ് റിസർവേഷനുകൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഒരിടത്ത് തന്നെ ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
നിലവിൽ അമേരിക്കയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കാണ് ഈ എ ഐ ഫീച്ചറുകൾ ലഭ്യമാകുന്നത്.
Summary
Google has introduced a highly anticipated feature allowing users to change their Gmail address while retaining all previous emails. CEO Sundar Pichai announced that users can now update outdated email IDs through their account settings. Additionally, Google is rolling out an ‘AI Inbox’ powered by Gemini to help users prioritize important emails and organize travel or dining reservations.




