Connect with us

Editors Pick

യു എ ഇയിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ 10,000 ദിർഹം പിഴയും തടവുശിക്ഷയും ലഭിച്ചേക്കാം

യു എ ഇയിൽ കാൽനടയാത്രക്കാർക്കുള്ള ഗതാഗത നിയമങ്ങളും പിഴകളും കടുപ്പിച്ചു

Published

|

Last Updated

ദുബൈ | യു എ ഇയിൽ കാൽനടയാത്രക്കാർക്കുള്ള ഗതാഗത നിയമങ്ങൾ (UAE Traffic Rules) ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയും വൻ തുക പിഴയും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ നിശ്ചിതയിടങ്ങളിലൂടെ അല്ലാതെ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് (Jaywalking) 400 ദിർഹം മുതൽ ഉയർന്ന പിഴ ലഭിക്കാം.

2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന 2024 ലെ 14-ാം നമ്പർ ഫെഡറൽ ഡിക്രി നിയമ പ്രകാരം ഗൗരവമേറിയ ലംഘനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവോ 10,000 ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടമുണ്ടാക്കിയാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും നേരിടേണ്ടി വരും. അപകടങ്ങൾ മൂലം ജീവഹാനിയോ പരിക്കുകളോ സ്വത്ത് നാശനഷ്ടങ്ങളോ ഉണ്ടായാൽ കൂടുതൽ നിയമനടപടികളും നേരിടേണ്ടി വരും.

റോഡുകളിൽ നിശ്ചിതയിടങ്ങളിലൂടെ അല്ലാതെ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം മുതൽ ഉയർന്ന പിഴ ലഭിക്കാം.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വാഹനമോടിക്കുന്നവർക്കും വലിയ ഉത്തരവാദിത്തമുണ്ട്. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിൽ വേഗത കുറയ്ക്കാനും അവർ കടന്നുപോകുന്നത് വരെ വാഹനം നിർത്തിക്കൊടുക്കാനും ഡ്രൈവർമാർ ബാധ്യസ്ഥരാണ്. റെസിഡൻഷ്യൽ, വാണിജ്യ, വിനോദ മേഖലകളിലും ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ പുലർത്തണം.

വാഹനമോടിക്കുന്നവർ പെഡസ്ട്രിയൻ ക്രോസിംഗുകളിൽ തടസ്സം സൃഷ്ടിച്ചാൽ 500 ദിർഹം പിഴയും, കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിലോ തടസ്സമുണ്ടാക്കുന്ന രീതിയിലോ വാഹനം നിർത്തിയാൽ 400 ദിർഹം പിഴയും ലഭിക്കും. ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങൾ, പെഡസ്ട്രിയൻ ബ്രഡ്ജുകൾ, അണ്ടർപാസുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ മാത്രം ഉപയോഗിക്കണമെന്ന് ദുബൈ പോലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ആദ്യ അഞ്ച് മാസത്തിനുള്ളിൽ മാത്രം നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നതിന് 28,027 പേർക്കാണ് ദുബായ് പോലീസ് പിഴ ചുമത്തിയത്. തെറ്റായ റോഡ് ക്രോസിംഗും ഇ-സ്കൂട്ടർ ദുരുപയോഗവും കാരണം ഈ കാലയളവിൽ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights

UAE authorities have warned pedestrians against jaywalking, with fines up to Dh10,000 and jail time for crossing high-speed roads at undesignated spots under the updated traffic law. Drivers are also required to slow down at pedestrian crossings, with strict penalties including fine and black points for violations to ensure road safety.

---- facebook comment plugin here -----

Latest