Connect with us

National

പ്രക്ഷോഭ ആസൂത്രണം: ദ്വീപില്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം

Published

|

Last Updated

കവരത്തി |  ലക്ഷദ്വീപില്‍ ജനവിരുദ്ധ ഭരണപരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരും. ദ്വീപിലെ പ്രക്ഷോഭങ്ങള്‍ക്ക് പുറമെ ദേശീയ അടിസ്ഥാനത്തില്‍ നടക്കുന്ന സമര മാര്‍ഗങ്ങളും യോഗം ആവിഷ്‌ക്കരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളേയും സമാനമനസ്‌ക്കരേയും കൂടെക്കൂട്ടിക്കൊണ്ടുള്ള ഒരു പ്രക്ഷോഭമാണ് ദ്വീപ് നിവാസികള്‍ ലക്ഷ്യമിടുന്നത്. ദ്വീപിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബി ജെ പി പ്രിതിനിധികള്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

ദ്വീപിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ കേരളത്തിലും വര്‍ധിച്ചുവരുകയാണ്.നിരവധി സംഘടനകള്‍ ഇതിനകം പരസ്യ പ്രതിഷേധങ്ങള്‍ നടത്തിക്കഴിഞ്ഞു. രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശം അയക്കാന്‍ എസ് വൈ എസ് തീരുമാനിച്ചിട്ടുണ്ട്. രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ലീഗ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയേക്കും. സര്‍ക്കാര്‍കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

അതിനിടെ പ്രതിഷേധങ്ങളെ ഏത് രീതിയില്‍ നേരിടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പ്രതിഷേധത്തിന്റെ രീതിയും മറ്റൊരു തലത്തിലേക്ക് മാറിയേക്കും. നാളെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് സൂചന. അതിനിടെ ദ്വീപിലെ തീരമേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കാനാണ് നിര്‍ദേശം.

 

 

Latest