Connect with us

Ongoing News

ബാറ്റിംഗിലും ബോളിംഗിലും ജഡേജ തരംഗം; ബാംഗ്ലൂരിനെ തകർത്ത് ചെന്നൈ

Published

|

Last Updated

മുംബൈ | ബാറ്റിംഗിലും ബോളിംഗിലും കൊടുങ്കാറ്റായി മാറിയ രവീന്ദ്ര ജഡേജയുടെ കരുത്തിൽ ഐ പി എല്‍ 19ാം മത്സരത്തിൽ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെ തകർത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 191 റൺസെടുത്ത ചെന്നൈക്കെതിരെ നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 122 റൺസെടുക്കാനേ ബാംഗ്ലൂരിനായുള്ളൂ. ഈ സീസണിലെ ബാംഗ്ലൂരിന്റെ ആദ്യ തോൽവിയാണിത്.

തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയുടെയും (28 പന്തുകളില്‍ പുറത്താകാതെ 62) അര്‍ധശതകം നേടിയ ഫാഫ് ഡുപ്ലെസ്സിയുടെയും ബാറ്റിംഗ് മികവാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 36 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ഈ ഓവറില്‍ അഞ്ച് സിക്‌സറുകളാണ് ജഡേജ പറത്തിയത്. ഡുപ്ലെസി (50), ഗെയ്ക്വാദ് (33), സുരേഷ് റെയ്ന (24), അമ്പാട്ടി റായുഡു (14) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ധോനി രണ്ട് റണ്‍സുമായി പുറത്താവാതെ നിന്നു. ബാംഗ്ലൂരിനു വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ചാഹല്‍ ഒരു വിക്കറ്റ് നേടി.

ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയില്‍ ദേവ്ദത്ത് പടിക്കല്‍ (34), ഗ്ലെന്‍ മാക്‌സ്വെല്‍ (22), കയ്ല്‍ ജാമീസണ്‍ (16), മുഹമ്മദ് സിറാജ് (12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ വിരാട് കോലി എട്ട് റണ്‍സിനും എ ബി ഡിവില്ലേഴ്‌സ് നാല് റണ്‍സിനും പുറത്തായി. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം കേവലം 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത് ബോളിംഗിലും ജഡേജ മിന്നിത്തിളങ്ങി. ഇംറാന്‍ താഹിര്‍ രണ്ടും സാം കറന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോന്നുവീതവും വിക്കറ്റെടുത്തു.