Connect with us

Ramzan

റഹ്‌മത്തിനെ ചോദിക്കുക; മടികൂടാതെ

Published

|

Last Updated

വിശുദ്ധ റമസാനിലെ ആദ്യ പത്ത് ദിനങ്ങള്‍ അല്ലാഹുവിന്റെ പ്രത്യേക കരുണാവര്‍ഷത്തിന്റേതാണ്. അതിനായി തേടിക്കൊണ്ടിരിക്കുകയാണ് വിശ്വാസിലോകം. പ്രത്യേകിച്ച് അഞ്ച് നേരവും നിസ്‌കാര ശേഷം. രണ്ടാം പത്ത് പാപ മോചനത്തിന്റേതാണ്. അവസാന പത്ത് നരക മോചനത്തിന്റേതും. അതിനു വേണ്ടി മാനസികമായി അവനെ പരുവപ്പെടുത്തുകയാണ് ആദ്യ പാദത്തില്‍. സ്രഷ്ടാവ് സൃഷ്ടിയോട് ചേര്‍ന്നു നില്‍ക്കുന്നവനാണെന്ന് ബോധ്യപ്പെടുത്തുകയാണ് അവന്റെ കാരുണ്യ സ്പര്‍ശത്തിലൂടെ. അതു വഴി അവന്‍ റബ്ബിനോട് കൂടുതല്‍ അടുക്കുകയും പാപമോചനവും നരക മോചനവും തേടാന്‍ അവന്റെ മനസ്സ് പാകപ്പെടുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആനിലെ മുന്നൂറ്റിപ്പതിനാല് സൂറതുകളില്‍ മൂന്നുറ്റിപ്പതിമൂന്നും തുടങ്ങുന്നത് സ്രഷ്ടാവിന്റെ കാരുണ്യത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. സൃഷ്ടികളോടുള്ള അവന്റെ അടുപ്പമാണിത് വെളിപ്പെടുത്തുന്നത്. വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും വിശാലമായ അര്‍ഥമാണ് യഥാര്‍ഥത്തില്‍ റഹ്മത് എന്ന പദം നല്‍കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഔന്നിത്യം തെളിയിക്കപ്പെടുന്നത് അവന്റെ സൃഷ്ടികളിലൂടെയാണ്. അവന്റെ കാരുണ്യമില്ലാതെ ഒന്നിനും നിലനില്‍പ്പില്ലെന്നതാണ് കാരണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ എല്ലാ ചലന നിശ്ചലനങ്ങളും അവന്റെ നിയന്ത്രണത്തിലാണ്. അവന് ജീവവായു നല്‍കുന്നതും കാരുണ്യത്തിന്റെ ഭാഗമായാണ്.
ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, എന്നാല്‍ വാനലോകത്തുള്ളവരുടെ കരുണ നിങ്ങള്‍ക്ക് നേടാം. ഇത് വിശ്വാസിയുടെ അടിസ്ഥാന രേഖയാണ്.

അല്ലാഹു അവന്റെ കാരുണ്യം സൃഷ്ടികള്‍ക്കുമേല്‍ ചൊരിയുന്നതോടൊപ്പം പരസ്പരം സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കാനും അവന്‍ ആഹ്വാനം ചെയ്യുന്നു. അതിനെ അവന്റെ കാരുണ്യം ലഭിക്കാനുള്ള വഴിയായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. വിശന്നു വലഞ്ഞ് മരുഭൂമിയില്‍ മണ്ണ് കപ്പുന്ന നായയോട് കരുണാവായ്പ്പ് തോന്നി കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളം നിറച്ച് നായയുടെ ദാഹമകറ്റിയ തെമ്മാടിയായ സ്ത്രീക്ക് അല്ലാഹു സ്വര്‍ഗം നല്‍കിയ സംഭവം ഏറ്റവും നല്ല ഉദാഹരണമാണ്. പൂച്ചയെ പട്ടിണിക്കിട്ട് കൊന്ന സ്ത്രീ നരകശിക്ഷക്ക് പാത്രമായതും ഇതിനോട് ചേര്‍ത്തു വെക്കേണ്ടതാണ്. ഇത്രത്തോളം വിശാലമായ കാരുണ്യ ലോകം തുറന്ന് വെച്ചിരിക്കുകയാണ് അല്ലാഹു. എത്രയും എപ്പോഴും ചോദിക്കാമെന്ന് അവന്‍ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ചോദിക്കുന്നതില്‍ സ്വാഭാവികമായി അനുഭവപ്പെടുന്ന നീരസം അവനില്ല, കൊടുക്കുന്നതില്‍ വിരസതയും അവനൊട്ടുമില്ല. ചോദിക്കുന്നവരെയാണവനിഷ്ടം.

ആദ്യ പത്തിന്റെ പകുതി പിന്നിട്ടു. മഗ്ഫിറത്തിന്റെ ദിനങ്ങളെത്തുമ്പോഴേക്ക് നാഥന്റെ റഹ്മത്തിനായി നാം പരമാവധി തേടണം. മുഴു സമയവും അതിനായി ഉപയോഗപ്പെടുത്തണം. ശേഷം മഗ്ഫിറത്തിന്റെ ദിനരാത്രങ്ങളില്‍ റബ്ബിനോട് പാപ മോചനത്തിനായി പ്രാര്‍ഥിക്കാം.

Latest