Connect with us

Kerala

വെല്‍ഫെയറും യു ഡി എഫും തമ്മില്‍ ഒത്തുകളി: സി പി എം

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും യു ഡി എഫും സഖ്യമുണ്ടെന്ന് സി പി എം. രഹസ്യമായാണ് ഇപ്പോഴത്തെ ഒത്തുകളി. വെല്‍ഫെയറിന്റെ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യു ഡി എഫിനെ സഹായിക്കുന്ന നിലപാട് കൈക്കൊള്ളുകയാണെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ആരോപിച്ചു.

കോഴിക്കോട് ജില്ലയിലെ തിരുമ്പാടി, കുറ്റ്യാടി , മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത് ഇതിന് തെളിവാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും യു ഡി എഫ് രക്ഷപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.

ഏതെങ്കിലും മുന്നണിക്ക് വ്യക്തമായ ഭൂരിഭക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എല്‍ ഡി എഫ്- യു ഡി എഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥികളില്ല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടുണ്ടെന്നാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ നേരത്തെ മുതല്‍ അവകാശപ്പെടുന്നത്. ഇവിടത്തെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫുമായി ചേര്‍ന്നാണ് ഇവര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പാര്‍ട്ടിക്ക് ശക്തിയുണ്ടെന്ന് പറയുന്ന തിരുവമ്പാടിയില്‍ എന്തുകൊണ്ട് വെല്‍ഫെയര്‍ സ്ഥാനാര്‍ഥിയില്ലെന്നാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. തിരുവമ്പാടിയില്‍ സാമുദായിക ദ്രുവീകരണത്തിന് ലക്ഷ്യമിടാനാണ് വെല്‍ഫെയര്‍ നീക്കം ഇടവരുത്തുകയെന്നും ആരോപണമുണ്ട്.

 

 

Latest