Connect with us

Kerala

ആഴക്കടല്‍ മത്സ്യബന്ധനം; ഇ എം സി സിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും (കെ എസ് ഐ എന്‍ സി) അമേരിക്കന്‍ കമ്പനിയായ ഇ എം സി സിയും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെ എസ് ഐ എന്‍ സിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനുള്ള ധാരണാപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം റദ്ദാക്കിയത്. കരാര്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് സെക്രട്ടറി കൂടിയാണ് ടി കെ ജോസ്. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടര്‍ന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാര്‍ ഒപ്പിടാന്‍ മുന്‍കൈയെടുത്ത കെ എസ്ഐ എന്‍ സി. എം ഡി. എന്‍ പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന് സൂചനയുണ്ട്.

വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ തെളിവ് പുറത്തുവിട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ ധാരണാപത്രം റദ്ദാക്കിക്കൊണ്ട് നടപടി സ്വീകരിച്ചത്. ഇ എം സി സിയുടെ വിശദാംശങ്ങള്‍ തേടി വിദേശകാര്യ മന്ത്രാലയത്തിന് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്താണ് പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിട്ടത്. ആരോപണങ്ങളെല്ലാം മന്ത്രി മേഴ്‌സിക്കുട്ടി അമ്മ നിഷേധിച്ചിട്ടുണ്ട്. ഒരു ഐ എ എസ് ഉദ്യോഗസ്ഥനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് മന്ത്രി ആരോപിച്ചു.

Latest