Kerala
മുന്നണി മാറ്റം എ കെ ശശീന്ദ്രന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമെന്ന് എന്‍സിപി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി | മുന്നണി മാറ്റം എ കെ ശശീന്ദ്രന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമെന്ന് എന്‍സിപി ദേശീയ നേതൃത്വം. ശശീന്ദ്രന്റെ അഭിപ്രായം കൂടി അറിഞ്ഞശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.
എന്‍സിപിയുടെ ഭൂരിഭാഗം പ്രവര്‍ത്തകരും എല്‍ഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ശശീന്ദ്രന് നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. 14 ജില്ല കമ്മിറ്റികളില്‍ 10 കമ്മിറ്റിയുടെയും പിന്തുണ തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പാലാ സീറ്റ് മാണി സി കാപ്പന്റെ മാത്രം പ്രശ്നമാണെന്നും ഇടതുമുന്നണി വിട്ടാല്‍ മറ്റ് സീറ്റുകളിലെയും വിജയ സാധ്യത കുറയുമെന്നും ശശീന്ദ്രന് കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം ഞായറാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് മാണി സി കാപ്പന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ നേതൃത്വം വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് കാപ്പന് പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.