Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് ഇല്ലെന്ന് അന്വേഷണ സംഘം

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ഒന്നാം പ്രതി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയും കാറുടമയും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫാ നജീമും വ്യാഴാഴ്ചയും കോടതിയില്‍ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ 2 ഡിവിഡികളുടെ അസ്സല്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയതിനാല്‍ പ്രതികള്‍ക്ക് നല്‍കാനായുള്ള പകര്‍പ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വി ഡി പകര്‍പ്പ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എം. ഒ.നമ്പര്‍ 30 ഉം 33 ഉം നമ്പരായി പോലീസ് സമര്‍പ്പിച്ച 2 ഡി വി ഡികള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

അതേസമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെന്റ് (രേഖ) എന്താണെന്നും 2019 ല്‍ ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എ അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകര്‍പ്പിന് പ്രതികള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് നല്‍കാനാവു. അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകര്‍പ്പ് എടുക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സര്‍ക്കാര്‍ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഡിസംബര്‍ 15 ന് ബോധിപ്പിക്കാന്‍ ഉത്തരവിട്ടു.

കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 9 മാസം കഴിഞ്ഞുള്ള ഹര്‍ജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയില്‍ ജാമ്യക്കാര്‍ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമര്‍പ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തില്‍ ജാമ്യം എടുത്തിരുന്നു.

---- facebook comment plugin here -----

Latest