Connect with us

Kerala

ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കല്‍; സമവായത്തിനായി സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. നാലു മാസത്തേക്ക് മാത്രമായി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി ഒരു തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടാണ് സര്‍ക്കാറും ഇടതു മുന്നണിയും മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പു കൂടി നീട്ടിവച്ചാല്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിര്‍ദേശം.
നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവക്കുന്നതിനെ കുറിച്ച് മുന്നണിയിലെ സി പി ഐ ഉള്‍പ്പെടെയുള്ള പ്രധാന ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയതായാണ് വിവരം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 18ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുമ്പ് സമവായം രൂപവത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.