Connect with us

National

സുശാന്ത് കേസ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോ. സുധീര്‍ ഗുപ്ത

Published

|

Last Updated

മുംബൈ| സുശാന്ത് സിംഗ് രജ്പൂതിന്റെ പോസ്‌റ്റോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി എയിംസിലെ നാലംഗ ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചു. ഡോ. സൂധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് രൂപീകരിച്ചത്. റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത ശേഷം മുംബൈയിലേക്ക് പോകും.

എയിംസിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനാണ് ഡോ. സുധീര്‍ ഗുപ്ത. സിബിഐക്കും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കുമായി ദേശീയ, അന്തര്‍ദേശീയ പ്രശസ്തി നേടിയ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍, കാബിനറ്റ് മന്ത്രി ഗോപിനാഥ് മുണ്ടെ, ഷീന ബോറ കൊലപാതകം, ജസീക്ക ലാല്‍ കൊലപാതകം, ഉപഹാര്‍ തീവെയ്പ് തുടങ്ങിയ കേസുകളിലൊക്കെ ഡോ. ഗുപ്ത അന്വേഷണ ഏജന്‍സികളെ സഹായിച്ചിട്ടുണ്ട്.

അതേസമയം, സുശാന്ത് സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം എപ്പോള്‍ നടന്നുവെന്നത് സംബന്ധിച്ച് കൃത്യമായ ഒരു സമയം രേഖപ്പെടുത്തിയിട്ടില്ലെന്നത് കുഴപ്പിക്കുന്ന കാര്യമാണെന്ന് ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. പോലീസുകാര്‍ ഡോക്ടര്‍മാരില്‍ നിന്ന് രണ്ടാമതും അഭിപ്രായം ചോദിച്ചറിയണ്ടതായിരുന്നു എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

23ന് ഇത് സംബന്ധിച്ച ഫയലുകള്‍ ലഭിക്കുമെന്നും രണ്ടോ മൂന്നോ ദിവസത്തിനകം റിപ്പോര്‍ട്ടുകള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 27ന് തങ്ങള്‍ മുംബൈയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഏകദേശ മരണ സമയം എഴുതാത്തത് കേസിനെ ബാധിക്കും. അത് ബുദ്ധിമുട്ടേറിയ സംഭവമാണ്. ഡോക്ടര്‍മാര്‍ അത് നിര്‍ബന്ധമായും നല്‍കേണ്ടതാണ്. താന്‍ ഡോക്ടര്‍മാരോട് ഇതേ കുറിച്ച് വിശദമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.