Connect with us

Health

സൂക്ഷിച്ചില്ലെങ്കില്‍ ഗ്യാസ്ട്രബ്ള്‍ വില്ലനാകും

Published

|

Last Updated

പൊതുവെ എല്ലാവരും അനുഭവിക്കുന്നതാണ് ഗ്യാസ്ട്രബ്ള്‍. കുടലുകളില്‍ ഗ്യാസ് പൊതുവെ കാണും. ഏമ്പക്കം, വയര്‍ സ്തംഭനാവസ്ഥ, കീഴ്ശ്വാസം പോകുക തുടങ്ങിയവയാണ് സാധാരണയായി ഗ്യാസ് എന്ന് നാം പറയുന്നത്. സാധാരണ ഒരു വ്യക്തിക്ക് ആറ് മുതല്‍ 20 വരെ പ്രാവശ്യം കീഴ്ശ്വാസവും ഏമ്പക്കവും ഉണ്ടാകും.

ജീവിതശൈലിയാണ് ഗ്യാസിന് പ്രധാന കാരണം. ജോലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും സമയം തെറ്റി ഭക്ഷണം കഴിക്കുകയുമൊക്കെയാണ് പ്രധാന കാരണം. രാത്രികളില്‍ കൂടുതല്‍ ഭക്ഷണം, എരിവുള്ളത് കൂടുതലായി കഴിക്കുക, ജങ്ക്ഫുഡ്, പുകവലി, മദ്യപാനം, വെള്ളംകുടി കുറവ് തുടങ്ങിയവയൊക്കെയാണ് പ്രധാന കാരണങ്ങള്‍.

മൈഗ്രേന്‍, തൈറോയ്ഡ്, ഹൃദ്രോഗം, ന്യുമോണിയ, കരള്‍ രോഗങ്ങള്‍, കുടലിലെ അര്‍ബുദം, മറ്റ് കുടല്‍ രോഗങ്ങള്‍ തുടങ്ങിയവയും ഗ്യാസായി വരാം. ഇതില്‍ പ്രധാനം ഹൃദ്രോഗം ആണ്. പുതുതായി ഗ്യാസിന്റെ പ്രശ്‌നം വരുമ്പോള്‍ ഡോക്ടറെ സമീപിച്ച് ഹൃദ്രോഗമാണോ അല്ലയോ എന്നത് ഉറപ്പുവരുത്തണം. പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ഗ്യാസും ശ്രദ്ധിക്കണം. പിത്തസഞ്ചിയിലെ കല്ല് ആയിരിക്കും കാരണം. ഇത് വെറും ഗ്യാസായി തള്ളിക്കളയാതെ ചികിത്സിക്കണം.

ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ശരീരം ക്ഷീണിക്കുക, വയറ്റില്‍ നിന്ന് പോകുന്നതിന് കറുപ്പ് നിറം അല്ലെങ്കില്‍ രക്തത്തിന്റെ അംശം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ചികിത്സിക്കണം. ചിലപ്പോള്‍ ഇത് അര്‍ബുദം, വൃക്കരോഗം തുടങ്ങിയവയുടെ ലക്ഷണമാകാം. അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നതും ഒഴിവാക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. രജ്‌നീഷ് എ ആര്‍, ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്‌

Latest