Connect with us

National

രാമക്ഷേത്ര നിർമാണത്തിന് പിന്തുണയുമായി പ്രിയങ്ക; ദേശീയ ഐക്യത്തിന് അവസരമൊരുക്കുമെന്ന്

Published

|

Last Updated

ലക്‌നൗ| അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പരസ്യപിന്തുണയുമായി ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് ആശംസയര്‍പ്പിച്ച് രംഗത്ത് വന്നത്. എല്ലാവരുടെയും സൗഹൃദവും സാഹോദര്യവും മുന്‍നിര്‍ത്തി ഇന്ത്യയിൽ ദേശീയ ഐക്യത്തിനുള്ള അവസരമാകും രാമക്ഷേത്ര നിര്‍മ്മാണമെന്ന് പ്രിയങ്ക പറഞ്ഞു.

രാമന്റെയും സീതയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഒത്തുചേരലായി മാറട്ടെയെന്ന്പ്രിയങ്ക ഗാന്ധി ആശംസിച്ചു. പ്രിയങ്കയുടെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രത്തിലെ മാറ്റമായാണ് വീക്ഷിക്കുന്നത്. മതവിശ്വാസികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും പറയുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഗാന്ധി കുടുംബത്തിലെ ഒരാള്‍ രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത്. രാമനാണ് എല്ലാമെന്നും തന്റെ പ്രസ്താവനയില്‍ പറയുന്ന പ്രിയങ്ക നാളെ അയോധ്യയില്‍ രാം മന്ദിര്‍ ഭൂമി പൂജ ചടങ്ങ് നടക്കുന്നുണ്ടെന്നും ശ്രീരാമന്റെ അനുഗ്രഹത്താല്‍ ചടങ്ങ് നടക്കട്ടേയെന്നും ആശംസിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കബില്‍ സിബലിനെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് എതിരാണ്. 1992 ലാണ് കര്‍ സേവകര്‍ ബാബരി മസ്ജിദ് പൊളിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട് നിന്ന നിയമപോരാട്ടതതിനൊടുവില്‍ ബാബരി നിന്ന ഭൂമിയില്‍ രാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

Latest