Connect with us

Gulf

ഭക്തിസാന്ദ്രമായി മിന; വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം നാളെ

Published

|

Last Updated

മിനാ | “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്” – നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു എന്ന മന്ത്ര ധ്വനികളാല്‍ ഭക്തിസാന്ദ്രമാക്കിയിരിക്കുകയാണ് മിനാ താഴ് വര. പ്രാര്‍ത്ഥനാ നിരതരായി ഹാജിമാര്‍ ഹജ്ജിന്റെ ആദ്യ ദിനത്തില്‍ രാപ്പാര്‍ക്കുന്നതിനായി തമ്പുകളുടെ നഗരിയായ മിനായില്‍ എത്തിച്ചേര്‍ന്നതോടെ വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല്‍ മുഖരിതമായി. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായാണ് തല്‍ബിയത്തിലും ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി ഹാജിമാര്‍ മിനായിലെ ടെന്റുകളില്‍ രാത്രി ചെലവഴിക്കുക. ഇവിടെവെച്ച് തങ്ങളുടെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയാണ് തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങുക.

ഇഹ്‌റാം, ത്വവാഫ് കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രത്യേക ബസ്സുകളിലാണ് ഹാജിമാരെ മിനായില്‍ എത്തിച്ചത്. മക്കയുടെയും മുസ്ദലിഫയുടെയും ഇടയിലാണ് തമ്പുകളുടെ നഗരി സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച്ച മിനായില്‍ വെച്ച് സുബഹി നിസ്‌കാരം നിര്‍വഹിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങും.

ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് വ്യാഴാഴ്ച നടക്കുന്ന അറഫാ സംഗമം. അറഫാ ദിനം മുഴുവനും വിശ്വാസികള്‍ പ്രാര്‍ഥനയിലായിരിക്കും. ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹിജ്ജ ഒന്‍പതിന് ലോക മുസ്‌ലിംകള്‍ അറഫാ നോമ്പനുഷ്ഠിച്ച് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. സൂര്യന്‍ അസ്തമിക്കുന്നതുവരെ അറഫയില്‍ ചിലവഴിച്ച ശേഷം ഹാജിമാര്‍ മുസ്ദലിഫയിലാണ് രണ്ടാം ദിവസം രാപ്പാര്‍ക്കുക. മുസ്ദലിഫയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍. അര്‍ദ്ധ രാത്രിക്ക് ശേഷം മിനയിലേക്ക് മടങ്ങുകയും ഒന്നാം ദിവസം “ജംറത്തുല്‍ അഖബയില്‍” കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്യും. തുടര്‍ന്നുള്ള മൂന്നു ദിനരാത്രങ്ങളും മിനയിലാവും കഴിയുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാചലത്തില്‍ കനത്ത സുരക്ഷയിലാണ് ഹജ്ജിന്റെ ഓരോ ചടങ്ങുകളും നടക്കുന്നത്. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. ജംറകളില്‍ എറിയാന്‍ അണുവിമുക്തമാക്കിയ കല്ലുകളാണ് ഹാജിമാര്‍ക്ക് നല്‍കുക. ഏത് അടിയന്തിര ഘട്ടത്തെയും നേരിടുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട് ഹജ്ജ് മന്ത്രാലയം. മിനയിലും അറഫയിലും കനത്ത ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest