Connect with us

Articles

പോലീസാണ് പ്രതി; പൊതുബോധവും

Published

|

Last Updated

പാലത്തായി ഇപ്പോള്‍ ഒരു ദേശത്തിന്റെ നാമമല്ല, നിയമസംവിധാനത്തിന്റെ നിസ്സംഗതയുടെ മറ്റൊരു പര്യായം മാത്രം. ജാമ്യമാണ് നിയമം എന്നത് നിയമ തത്വചിന്തയിലെ പ്രഖ്യാതമായ ഒരു ആപ്തവാക്യമാണ്. അതിന് ആധാരമാകുന്നതാകട്ടെ, കുറ്റാരോപിതന്‍ ആയതുകൊണ്ട് മാത്രം ഒരാള്‍ക്കും പ്രാഥമിക നീതി നിഷേധിക്കപ്പെടരുത് എന്ന അത്യുന്നതമായ നീതി സങ്കല്‍പ്പവും. പക്ഷേ, അതൊരിക്കലും കുറ്റകൃത്യത്തിന് സാധൂകരണമോ സൗകര്യമൊരുക്കലോ ആയിരിക്കരുത്. പക്ഷേ, പാലത്തായി കേസില്‍ ഫലത്തില്‍ സംഭവിച്ചത് അതാണ്. സ്‌കൂളില്‍ പഠിക്കുന്ന ഒരു പിഞ്ചു ബാലികക്ക്, അവളുടെ അധ്യാപകനില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനപര്‍വം ആരിലും നടുക്കം സൃഷ്ടിക്കുന്നതാണ്. അധ്യാപകന്‍ എന്ന നിലയിലുള്ള പരിമിതമായ അധികാരം ഉപയോഗിച്ച് സ്വന്തം വിദ്യാര്‍ഥിനിയെ നിരന്തരമായി പീഡിപ്പിക്കുകയും അതിന് ശേഷം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം നടന്നത് സാക്ഷര പുരോഗമന കേരളത്തില്‍ തന്നെയാണ്.

ഇത്തരമൊരു സംഭവം പുറത്തുവന്ന നിമിഷം മുതല്‍ അനിവാര്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് പകരം കുറ്റകൃത്യം കുഴിച്ച് മൂടാനുള്ള പരിശ്രമങ്ങളാണുണ്ടായത്. കൊച്ചുകുട്ടികളുടെ മൊഴിക്ക്, തെളിവ് നിയമത്തിന്റെ മാനദണ്ഡം വെച്ച് നോക്കിയാല്‍ മാത്രമല്ല, ഏത് സാമാന്യ യുക്തിയുടെ അളവുകോല്‍ വെച്ച് നോക്കിയാലും വിശ്വാസ്യത കൂടും. അതേസമയം, തുടക്കം മുതല്‍ ഈ കേസില്‍ കുട്ടിയും കൂട്ടുകാരികളും കുടുംബവുമൊക്കെ പറയുന്നത് അവിശ്വസിക്കാനാണ് പോലീസ് ശ്രമിച്ചത്. അതിന് പിന്നിലുള്ള താത്പര്യങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്ത് കൊണ്ടുവരേണ്ടതാണ്. അവിഹിതമായ നിരവധി ഇടപെടലുകള്‍ കേസിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ഉണ്ടായിട്ടുണ്ട്. കേസ് അട്ടിമറിക്കാനുള്ള പരിശ്രമങ്ങളുമുണ്ടായി. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന്, പാലത്തായി കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പത്മരാജന്‍ എന്ന അധ്യാപകന്റെ ആര്‍ എസ് എസ് പശ്ചാത്തലം പറയേണ്ടിവരും. അതിന്റെ കൂട്ടത്തില്‍, ആര്‍ എസ് എസുകാര്‍ പ്രതികളായി വരുന്ന കേസുകളിലെ കേരളാ പോലീസിന്റെ പൊതുസമീപനവും ചര്‍ച്ച ചെയ്യേണ്ടിവരും.

ആര്‍ എസ് എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോഴൊക്കെ പ്രതി ഒന്നുകില്‍ മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നോ അല്ലെങ്കില്‍ പ്രതി മനോരോഗിയാണെന്നോ എഫ് ഐ ആറില്‍ രേഖപ്പെടുത്തുന്നത് പതിവായിരിക്കുന്നു. പോലീസിലെ സംഘ്പരിവാര്‍വത്കരണം അടിത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ എത്തിയിരിക്കുന്നു എന്ന അടിസ്ഥാന യാഥാര്‍ഥ്യത്തെയാണ് ഇത് വെളിച്ചത്ത് കൊണ്ടുവരുന്നത്. അതിനെ നേരിടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വം പ്രദര്‍ശിപ്പിക്കുന്നുമില്ല. ഈ കേസ് നടക്കുന്നത് കണ്ണൂർ ജില്ലയിലാണെന്നതും വനിതാ ശിശുക്ഷേമ സാമൂഹിക വകുപ്പ് മന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

പോക്‌സോ വകുപ്പുകള്‍ നിസ്സംശയം ചുമത്താവുന്ന കേസാണ് പാലത്തായിലേതെന്ന് നിയമ വിദഗ്ധര്‍ക്കെല്ലാം വ്യക്തമായി അറിയാം. എന്നാല്‍ പ്രതികള്‍ക്ക് മേല്‍ നിസ്സാരമായ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വയനാട്ടില്‍ ഗോത്രാചാര പ്രകാരം പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ച ആദിവാസി യുവാക്കളില്‍ പലരും ഇപ്പോഴും പോക്‌സോ നിയമ പ്രകാരം ജയിലിലാണ് എന്ന വസ്തുത കൂടി ഇതിന്റെ കൂട്ടത്തില്‍ ഓര്‍ക്കണം. ഇതിന്റെയൊന്നും ഉത്തരവാദിത്വത്തില്‍ നിന്ന് പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവിന് എളുപ്പത്തില്‍ കൈകഴുകാന്‍ സാധിക്കില്ലെന്നുറപ്പാണ്. അതുപോലെ രാഷ്ട്രീയ വിധേയത്വം കൊണ്ട് ഇത്തരം നടപടികളെ ന്യായീകരിക്കാനും കഴിയില്ല.

ഇതിനെല്ലാം ഉപരിയായി, പാലത്തായിയിലെ പീഡനത്തിനിരയായ ആ പെണ്‍കുട്ടി നമ്മുടെ നീതിബോധത്തിന് നേരേ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതിന് ഉത്തരം കിട്ടുന്നത് വരെ പോലീസും നീതിബോധത്തെ ചോദ്യം ചെയ്യുന്ന പോലീസിന്റെ നടപടികളോട് പൊരുത്തപ്പെടുന്ന പൊതുബോധവും പ്രതിസ്ഥാനത്ത് തന്നെയായിരിക്കും.

എന്തായാലും ഇതെല്ലാം പോലീസിംഗിനെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ കഴിയുന്നത്ര ലളിതമല്ല. കൊറോണക്കാലത്തെ പോലീസിംഗിനോട് പൊരുത്തപ്പെടുന്ന പൊതുബോധത്തിനും അതില്‍ വലിയ പങ്കുണ്ട്. ഭരണകൂടത്തെ ഉപാധികളില്ലാതെ അനുസരിക്കുക എന്നത് ഈ കൊറോണ കാലത്തിന്റെ സവിശേഷമായ മുദ്രാവാക്യമാകുമ്പോള്‍ പ്രത്യേകിച്ചും. തിരുവനന്തപുരവും ഡല്‍ഹിയും ന്യൂയോര്‍ക്കും എല്ലാം ഒരേസമയം അതിന്റെ പൗരജനതയോട് ആവശ്യപ്പെടുന്നത് വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും അടിയറവ് വെക്കാനാണ്. പാലത്തായി കേസിലും ആദ്യ ഘട്ടത്തില്‍ പ്രതിയെ പിടിക്കാന്‍ വൈകുന്നതിന് ന്യായീകരണമായി പറഞ്ഞത് കൊറോണയുടെ പ്രത്യേക സാഹചര്യം തന്നെയാണ്. അതിന്റെ ആനുകൂല്യം പ്രതിക്ക് കിട്ടുകയും ചെയ്തു.

ഇപ്പോഴും ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ ഭരണകൂടം നേരിടാന്‍ പോകുന്നത് ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിത്തന്നെയായിരിക്കും. ഈ കൊവിഡ് കാലത്ത് ഒരേസമയം തന്നെ അപകടകരമായ കൊറോണ വൈറസിനെ പ്രതിരോധിക്കുമ്പോള്‍ തന്നെ സ്റ്റേറ്റിന്റെ ആധിപത്യ വാസനയുടെ, അടിച്ചമര്‍ത്തലിന്റെ വൈറസുകളെ കൂടി പ്രതിരോധിക്കേണ്ടതായി വരുന്നുണ്ട്.

കേരള ഹൈക്കോടതി അഭിഭാഷകന്‍

Latest