Connect with us

National

ഡല്‍ഹി വംശഹത്യ: യുവതിയുടെ പരാതിയില്‍ എഫ്‌ ഐ ആര്‍ സമര്‍പ്പിക്കാതെ പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി വംശഹത്യയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷി ആവുകയും പിന്നീട് ലൈംഗിക ആക്രമണം നേരിടുകയും ചെയ്ത യുവതിയുടെ പരാതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കാതെ പോലീസ്.

മാര്‍ച്ച് 13ന് ഗോഗല്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കിയിട്ടും ഇതുവരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതി. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവതി.

ഡല്‍ഹി വംശഹത്യക്കിടെ ഫെബ്രുവരി 24 ന് പ്രദേശത്ത് നടന്ന വര്‍ഗീയ സംഘര്‍ഷത്തിന് യുവതി ദൃക്‌സാക്ഷിയായിരുന്നു. വീടിനു സമീപത്ത് നിന്ന് നിലവിളി ശബ്ദം കേട്ട് യുവതി മേല്‍ക്കൂരക്ക് മുകളില്‍ കയറി നോക്കിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കയ്യും കാലും കെട്ടിയിട്ട് കത്തികൊണ്ട് യുവാവിനെ കുത്തുകയായിരുന്നു അക്രമികള്‍. യുവാവ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ട യുവതി, തങ്ങള്‍ അവനെ ശരിയാക്കി എന്ന് അക്രമികള്‍ പറയുന്നതും കേട്ടിരുന്നു.ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം അക്രമികള്‍ തന്റെ വീട്ടിലെത്തുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

എതിര്‍ത്തപ്പോള്‍ അവര്‍ തന്നെയും കുട്ടികളെയും തല്ലി. വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രതികള്‍ മോഷ്ടിച്ചു. ഇതിനിടയില്‍ കുട്ടികളെയുമായി താന്‍ ഒരുവിധം രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി പറയുന്നു. തന്റെ ഭൂവുടമയുടെ മകന്‍ ഉള്‍പ്പെടെയുള്ള ആക്രമി സംഘമാണ് വീട്ടില്‍ എത്തിയതെന്നാണ് യുവതി വ്യക്തമാക്കുന്നത്.

സംഭവത്തില്‍ പരാതി നല്‍കിയിട്ടും എഫ് ഐ ആര്‍ സമര്‍പ്പിക്കാത്ത പോലീസ് നടപടിക്കെതിരേ കര്‍ക്കാര്‍ഡൂമ കോടതിയില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് പറഞ്ഞു.

Latest