Connect with us

Articles

പെട്ടി തുറന്ന് ഭൂതങ്ങള്‍

Published

|

Last Updated

കഥാകൃത്തും സാമൂഹിക നിരീക്ഷകനുമായ സക്കറിയ പറഞ്ഞതു പോലെ; കൊറോണ അടച്ചു പൂട്ടല്‍ കാലത്ത് രാമായണം പുനഃസംപ്രേഷണം ചെയ്യാനുള്ള തീരുമാനം അവസരങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ അതിജീവന തന്ത്രങ്ങള്‍ മെനയാനുള്ള സംഘ്പരിവാറിന്റെ ശേഷി തന്നെയാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ നായക പ്രതീകമായ രാമനും, രാമായണം എന്ന പുരാണ കഥക്കും എന്തുമാത്രം ജനപ്രിയതയും പൊതുസമ്മതിയുമാണ് ടി വി രാമായണം നിര്‍മിച്ചുണ്ടാക്കിക്കൊടുത്തത് എന്ന കാര്യം എമ്പതുകള്‍ മുതല്‍ക്കുള്ള ഇന്ത്യയുടെ മാധ്യമ ചരിത്രം കണ്ണോടിച്ചാല്‍ പോലും ബോധ്യപ്പെടും.

രാഷ്ട്രീയം സങ്കല്‍പ്പിക്കപ്പെടുന്നതും പ്രാവര്‍ത്തികമാകുന്നതും ബോധ്യപ്പെടുന്നതുമായ സാഹചര്യങ്ങളും പശ്ചാത്തലങ്ങളും മാധ്യമ നിര്‍മിതമായ, കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ ടെലിവിഷന്‍ തീരുമാനിക്കുന്ന ഒരു കാലമാണ് കടന്നു പോയത്. സാമൂഹിക മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം എന്നിവയുടെ സ്വാധീനം തുടങ്ങുകയും വര്‍ധിക്കുകയും ചെയ്യുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ പതിറ്റാണ്ടുകളാണ് ഈ ടി വി പ്രഭാവം നിലനിന്ന കാലം. മതപരമായ പ്രതികരണങ്ങള്‍ എന്നതിലുപരി; കമ്പോളത്തെ മുന്‍നിര്‍ത്തിയുണ്ടാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ആശയവിനിമയ മേഖലയിലുണ്ടായ കുതിച്ചു ചാട്ടവും ഉപയോഗപ്പെടുത്തിക്കൊണ്ട്, ഹിന്ദുത്വ ദേശീയ വാദികള്‍ അവരുടെ സ്വാധീന മേഖലകള്‍ ഉറപ്പിച്ചും വ്യാപിപ്പിച്ചുമെടുത്തു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത.

ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തിന്റെ മറ്റെല്ലാ മേഖലകളിലുമെന്നതു പോലെ; മാധ്യമങ്ങളെ സംബന്ധിച്ച നിലപാടുകളും നെഹ്‌റുവിയന്‍ എന്ന് സാമാന്യേന വിളിക്കപ്പെടുന്ന കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് എമ്പതുകള്‍ വരെയുള്ള കാലത്ത് രൂപപ്പെട്ടതും പ്രയോഗിക്കപ്പെട്ടതും. രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയും സാമൂഹികതയുമെല്ലാമടങ്ങുന്ന പൊതുബോധം പോലും ഈ കാഴ്ചപ്പാടിന്റെ വ്യാപനമായിരുന്നു. ജനകീയ വികസനാത്മക നിലപാടുകളാണ് ആധുനിക ഇന്ത്യയുടെ അടിസ്ഥാനം എന്ന നിലപാട് രാഷ്ട്രത്തെ പുരോഗമനപരമായി നിര്‍വചിച്ചു. നവ ഉദാരവത്കരണ നിലപാടുകള്‍ക്കായി തുറന്നു കൊടുത്തു കൊണ്ട് ഇന്ത്യയെ ആഗോളവത്കരിക്കാന്‍ എമ്പതുകളുടെ ആദ്യം മുതല്‍ക്കാരംഭിച്ച ഔദ്യോഗിക/അനൗദ്യോഗിക പരിശ്രമങ്ങളാണ് കാര്യങ്ങളാകെ തകിടം മറിച്ചത്. സത്യത്തില്‍, സാമ്പത്തിക നവ ഉദാരവത്കരണ/ആഗോളവത്കരണാരംഭ കാലത്ത് ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ ശക്തികള്‍ രാഷ്ട്രീയമായി ഏറെക്കുറെ മറഞ്ഞിരിക്കുകയായിരുന്നു. ബി എം എസ് പോലുള്ള ചില പരിവാര്‍ സംഘടനകള്‍, ആഗോളവത്കരണത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുകയും ദേശീയതയാണ് പരിഹാരം എന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നെങ്കിലും അതാരും ഗൗരവത്തിലെടുത്തതുമില്ല. എല്ലാ “പഴയതും” ഇല്ലാതാകുമെന്നും നവ ഉദാരവത്കരണത്തിലൂടെ സ്വതന്ത്രമാകുന്ന കമ്പോളം, ഇന്ത്യന്‍ മധ്യവര്‍ഗത്തിന് അനന്തമായ വിഹായസ്സുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രഘോഷിക്കപ്പെട്ടു. അപ്പോഴും, നാഗരിക മധ്യവര്‍ഗത്തിന്റെ പുതിയ (പഴയതുമതുതന്നെ) ഒളി സങ്കേതമായ ഹിന്ദുത്വാശയ സംസ്‌കാര ഭൂമിക മറഞ്ഞു തന്നെ ഇരുന്നു.

ടെലിവിഷനെ സംബന്ധിച്ച വിമര്‍ശനാശയങ്ങള്‍ അതിനകം തന്നെ രൂപപ്പെട്ടിരുന്നു. ബ്ലാക്ക് & വൈറ്റ് ടെലിവിഷനും ഏഷ്യാഡ് കാലത്ത് നിലവില്‍ വന്ന കളര്‍ ടെലിവിഷനും ദൂരദര്‍ശന്‍ എന്ന സര്‍ക്കാരി മാധ്യമത്തെ ജനപ്രിയമാക്കി. അപ്പോള്‍ “ജനാധിപത്യവാദി”കളെല്ലാം മാധ്യമങ്ങളെ പ്രത്യേകിച്ചും ടെലിവിഷനെ സര്‍ക്കാറില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും സര്‍ക്കാറിതര ടെലിവിഷന് പ്രവര്‍ത്തനാനുമതി കൊടുക്കണമെന്നുമുള്ള അഭിപ്രായക്കാരായിരുന്നു. ടെലിവിഷന്റെ പ്രത്യയശാസ്ത്രാധികാരം, ഭരണവര്‍ഗ/അധീശത്വാശയങ്ങളെ വ്യാപിപ്പിക്കുകയും അതിന്മേല്‍ പൊതുസമ്മതി നിര്‍മിച്ചെടുക്കുകയും ചെയ്യുമെന്ന ദാര്‍ശനിക-ചരിത്ര യാഥാര്‍ഥ്യം പക്ഷേ, ഇതിനകം തന്നെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പതിവുപോലെ അതാരും ശ്രദ്ധിച്ചില്ല.
1987-88 കാലത്ത് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തപ്പോള്‍ അതീവ ജനപ്രിയത പിടിച്ചു പറ്റി. സര്‍ക്കാര്‍ അതു വരെ തുടര്‍ന്നു പോന്ന മതനിരപേക്ഷ മാധ്യമ നിലപാടുകള്‍ അട്ടിമറിക്കുന്ന സമീപനമായിരുന്നു അത്. അക്കാലത്ത് ഞായറാഴ്ചകളില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങള്‍ വിജനമാകുകയും ആളുകളെല്ലാം ടി വിക്കു മുമ്പില്‍ ഹാജരാകുകയും ചെയ്യുന്ന സ്ഥിതി സംജാതമായി. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ പോലെയുള്ള കാഴ്ചയായിരുന്നു പൊതുസ്ഥലങ്ങളില്‍. ലോറികള്‍ പോലും നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ അടുത്ത ധാബകളിലോ വീടുകളിലോ ടി വിക്കു മുമ്പിലെത്തി. വിവാഹങ്ങള്‍ ഞായറാഴ്ചക്കു പകരം മറ്റു ദിവസങ്ങളില്‍ നടത്തി. രാമായണം കാണിക്കുമ്പോള്‍, വീടുകളില്‍ വിരുന്നിനെത്തിയ അതിഥികള്‍ക്ക് ആതിഥേയരുടെ ദുര്‍മുഖം കാണേണ്ടി വന്നു. പല മീറ്റിംഗുകളും വരെ മാറ്റിവെക്കുകയുണ്ടായി. ആ സമയത്ത് എന്തെങ്കിലും കാരണവശാല്‍ വിദ്യുച്ഛക്തി നിലക്കുകയോ മറ്റോ ചെയ്താല്‍ ജീവനക്കാരെ ജനം കൈകാര്യം ചെയ്യുന്ന സ്ഥിതി വരെ പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തു. ഒരു നിര്‍മിത ലോക്ക്ഡൗണ്‍ ആണ് അന്ന് രാമായണം സീരിയല്‍ മൂലം സംഭവിച്ചതെങ്കില്‍; ഇപ്പോള്‍ കൊവിഡ് ഭീതി മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ലോക്ക്ഡൗണിനെ രാഷ്ട്രീയ കൗശലത്തോടെ പ്രയോജനപ്പെടുത്തുകയാണ് നിക്ഷിപ്ത താത്പര്യക്കാര്‍.

രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍, സീതയായി അഭിനയിച്ച ദീപിക ചിക്ലിയ, രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി, ഹനുമാനായി അഭിനയിച്ച ദാരാസിംഗ്, മഹാഭാരതം സീരിയലിലെ കൃഷ്ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജ് എന്നിവരടക്കം മിക്കവാറും പേര്‍ ബി ജെ പി ടിക്കറ്റില്‍ വിവിധ ജനപ്രതിനിധി സഭകളില്‍ അംഗമായി. വിഡ്ഢിപ്പെട്ടി എന്നാക്ഷേപിക്കപ്പെട്ട ടെലിവിഷനെ ഉപയോഗിച്ച്, തിരഞ്ഞെടുപ്പു പെട്ടി നിറക്കുന്ന പരിപാടി തന്നെ ഇന്ത്യയില്‍ വിജയം കണ്ടുവെന്ന് ചുരുക്കം. കൊറോണക്കാലത്തെ നിസ്സഹായതകളില്‍ ജനം വീടിനകത്തേക്ക് ചുരുങ്ങുമ്പോള്‍, അവരുടെ മേല്‍ മതാത്മക മാധ്യമ രാഷ്ട്രീയം വീണ്ടും ചൊരിയുന്നതിന്റെ ഗതിവിഗതികള്‍ എന്തൊക്കെയെന്ന് കണ്ടറിയാം.

Latest