Connect with us

Editorial

പൗരത്വദാനത്തിന് മാനദണ്ഡം മതമോ?

Published

|

Last Updated

പൗരത്വ ഭേദഗതി ബില്‍ എന്നതിനേക്കാള്‍ മുസ്‌ലിം വിരുദ്ധ ബില്‍ എന്നായിരിക്കും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിന് അനുയോജ്യമായ പേര്. 2014നു മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഇസ്‌ലാമേതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചു രാജ്യത്തു നിന്ന് പുറത്താക്കുകയുമാണ് ബില്ലിലൂടെ ബി ജെ പിയും സംഘ്പരിവാറും ലക്ഷ്യമാക്കുന്നത്. മേല്‍പറയപ്പെട്ട മൂന്ന് രാജ്യങ്ങളും അടിസ്ഥാനപരമായി മുസ്‌ലിംരാജ്യങ്ങളാണ്. മറ്റു മതസ്ഥര്‍ അവിടെ വിവേചനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് പൗരത്വം നല്‍കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദം. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ സമുദായക്കാര്‍ക്ക് ബില്ലിന്റെ ആനുകൂല്യം ലഭിക്കും.

സ്വന്തം രാജ്യത്ത് സുരക്ഷിതവും മോശമല്ലാത്ത ജീവിത സാഹചര്യവുമുണ്ടെങ്കില്‍ അവിടം വിട്ടുപോകാന്‍ ആളുകള്‍ പൊതുവെ താത്പര്യപ്പെടാറില്ല. സ്വന്തം രാജ്യത്തെ ജീവിത സാഹചര്യം മോശമാകുമ്പോഴാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. അങ്ങനെ കടന്നു വരുന്നവര്‍ക്ക് സംരക്ഷണവും പൗരത്വവും നല്‍കുകയെന്നതാണ് മനുഷ്യത്വം. ഇത് രാജ്യത്ത് ജനസംഖ്യാപരമായോ മറ്റോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കില്‍ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പൗരത്വ നിഷേധവുമാകാം. പകരം പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് കടുത്ത വര്‍ഗീയതയില്‍ നിന്നുടലെടുത്ത തീരുമാനവും രാജ്യം പുലര്‍ത്തിപ്പോരുന്ന മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. പാര്‍ലിമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതു പോലെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമ നിര്‍മാണമാണിത്. ഗോവധ നിരോധനം, കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളയല്‍, നാടുകളുടെ മുസ്‌ലിം ചുവയുള്ള പേരുകള്‍ ഒഴിവാക്കി ഹിന്ദുത്വ പേരുകള്‍ നല്‍കല്‍ തുടങ്ങി മോദി സര്‍ക്കാറും ബി ജെ പി ആധിപത്യത്തിലുള്ള സംസ്ഥാനങ്ങളും നിരന്തരം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായി വേണം ഈ ബില്ലിനെ കാണാന്‍.

ഇസ്‌ലാമേതര മതസ്ഥരോടുള്ള ഭരണകൂടങ്ങളുടെ വിവേചനപരമായ നിലപാടുകള്‍ കാരണമാണ് ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ആളുകള്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിയതെന്ന കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശം സത്യവിരുദ്ധവും ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന നിലപാടുമാണ്. മേല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ നല്ലൊരു പങ്കും മുസ്‌ലിംകളാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകള്‍ അവിടെ സുരക്ഷിതരായിരുന്നെങ്കില്‍ അവരെന്തിന് രാജ്യം ഉപേക്ഷിച്ചു പോന്നു. 1971 ലെ വിമോചന സമരകാലത്താണ് ബംഗ്ലാദേശുകാര്‍ കൂടുതലായി ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയത്. പാക്കിസ്ഥാന്‍ സൈന്യവും ബംഗ്ലാദേശ് വിമോചന പോരാളികളും തമ്മിലുള്ള പോരാട്ടം സൃഷ്ടിച്ച കെടുതികളും ദുരിതങ്ങളുമായിരുന്നു ഇതിന് പ്രധാന കാരണം.

വിമോചന സമരത്തിനു ശേഷവും നിരന്തരം രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ബംഗ്ലാദേശ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം രാജ്യത്ത് അനുഭവപ്പെടുന്ന ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കാരണം ധാരാളം പേര്‍ പില്‍ക്കാലത്തും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് ആളുകള്‍ വരുന്നതിന്റെ പശ്ചാത്തലവും ഇതുപോലുള്ള രാഷ്ട്രീയ പ്രതിസന്ധികളും മോശം ജീവിത സാഹചര്യങ്ങളുമാണ്. അതിന് മതവുമായി ഒരു ബന്ധവുമില്ല. ഇവരില്‍ ഒരു നിശ്ചിത കാലയളവ് വരെയുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണെങ്കില്‍ മതം നോക്കാതെ എല്ലാവര്‍ക്കും നല്‍കണം. മുസ്‌ലിംകളെ മാത്രം അത്തരമൊരു ആനുകൂല്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്നത് കടുത്ത മുസ്‌ലിം വിവേചനമാണെന്നതിനൊപ്പം ഭരണഘടനാ തത്വങ്ങളുടെ കടുത്ത ലംഘനവുമാണ്. “രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു വ്യക്തിയുടെയും നിയമത്തിന്റെ മുന്നിലെ സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും മതം, വര്‍ഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാവതല്ലെ”ന്ന് സമത്വ മൗലിക അവകാശങ്ങളുടെ കീഴില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 14ല്‍ വ്യക്തമായി പറയുന്നുണ്ട്.

മുസ്‌ലിംകളെ പരോക്ഷമായി ലക്ഷ്യം വെക്കുന്ന പല നിയമങ്ങളും ഉത്തരവുകളും നേരത്തേയും വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം പച്ചയായി മുസ്‌ലിം വിരോധം തുറന്നു പ്രകടിപ്പിക്കുന്ന നിയമനിര്‍മാണം രാജ്യത്ത് മുമ്പുണ്ടായിട്ടില്ല. ഭരണഘടനയെയും ജനാധിപത്യ താത്പര്യങ്ങളെയും കാറ്റില്‍ പറത്തി തങ്ങളുടെ ഭരണപരമായ അധികാരം മുസ്‌ലിംകള്‍ക്കെതിരെ പ്രയോഗിക്കുകയാണ് ഇതുവഴി മോദി സര്‍ക്കാര്‍. സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം തുടങ്ങി ജനജീവിതത്തെയും നാടിന്റെ പുരോഗതിയെയും ഗുരുതരമായി ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സര്‍ക്കാറിന്റെ മുമ്പിലുണ്ട്. അതിനേക്കാളെല്ലാം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതാണോ പൗരത്വ ഭേദഗതി?

മതത്തിന്റെയും ജാതിയുടെയും പേരില്‍ മുള്ളുവേലികള്‍ സൃഷ്ടിക്കാതെ ജനങ്ങള്‍ ഒത്തൊരുമിച്ചു പോരാടിയതു കൊണ്ടാണ് ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യം മോചിതമായത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യക്ക് ആഗോള സമൂഹത്തിനു മുമ്പില്‍ യശസ്സും കൂടുതല്‍ അംഗീകാരവും നേടിക്കൊടുത്തതും നാം കാത്തുസൂക്ഷിച്ച വൈവിധ്യവും ബഹുസ്വരതയുമാണ്. ഇനിയും ഇത് തുടരണം. ഭരണ തലപ്പത്തുള്ളവര്‍ ഇനിയും എല്ലാ വിഭാഗങ്ങളെയും അംഗീകരിച്ചും സ്‌നേഹിച്ചും മുന്നോട്ടു പോകണം. അതിനു സഹായകമായ നയങ്ങളും നിയമ നിര്‍മാണങ്ങളുമാണ് നടപ്പിലാക്കേണ്ടത്. പകരം ബഹുസ്വരത തകര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം ഒരുമ്പെട്ടാല്‍ അതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര പ്രസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ലോക്‌സഭയില്‍ കാണിച്ച ചെറുത്തുനില്‍പ്പ് സ്വാഗതാര്‍ഹമാണ്. എങ്കിലും ഭരണ മുന്നണിക്ക് മതിയായ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ ലോക്‌സഭ കടന്നേക്കാം. രാജ്യസഭ കടക്കാതിരിക്കാനുള്ള ദൃഢനിശ്ചയവും ആസൂത്രണവും പ്രതിപക്ഷം കൈക്കൊള്ളേണ്ടതുണ്ട്. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

---- facebook comment plugin here -----

Latest