Connect with us

National

എന്തുകൊണ്ട് കശ്മീരികള്‍ക്ക് മൗലികാവകാശമില്ല; കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തരിഗാമി

Published

|

Last Updated

ന്യൂഡല്‍ഹി |  കശ്മീരിലെ മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ്മീര്‍ എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഇന്ത്യന്‍ ഭരണഘടന കശ്മീരിന് ബാധകമാക്കാനാണ് പ്രത്യേകപദവി എടുത്തുകളഞ്ഞതെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് അതേ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ കശ്മീരില്‍ പാലിക്കുന്നില്ലെന്നും തരിഗാമി ചോദിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

കശ്മീരിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഒന്നും സാധാരണ നിലയിലല്ല. ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇന്റര്‍നെറ്റ് ഇപ്പോഴുമില്ല. ഇകൊമേഴ്‌സ് നിലച്ചു. ടൂറിസ്റ്റ് ബുക്കിങ്ങുകള്‍ സാധ്യമല്ല. വിനോദസഞ്ചാരമേഖല, ആപ്പിള്‍കൃഷി എന്നിവ പൂര്‍ണമായും തകര്‍ന്നു. മഞ്ഞുവീണ് ആപ്പിള്‍ മരങ്ങള്‍ വന്‍തോതില്‍ നശിച്ചു. ഈ കൃഷിയുടെ ഭാവിതന്നെ ഇല്ലാതാവുന്നു. കുങ്കുമപ്പൂവിന്റെ കൃഷിയില്‍ 40 ശതമാനവും നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷക്കുള്ള അപേക്ഷാപത്രം പോലും വിദ്യാര്‍ഥികള്‍ക്ക് പൂരിപ്പിക്കാനാവുന്നില്ല. സ്‌കൂളും കോളജും തുറന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ വരുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു.

വികസനത്തിനുപകരം കശ്മീരിനെ കേന്ദ്രം ഇരുട്ടിലേക്ക് തള്ളിവിടുന്നു. കശ്മീരിനെക്കുറിച്ച് പാര്‍ലിമെന്റില്‍ നുണ പറയുകയാണ് സര്‍ക്കാര്‍. നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്. ഇവിടെനിന്നുമടങ്ങിയാല്‍ താനും വീട്ടുതടങ്കലിലാകും. സൗഹൃദവും ജനാധിപത്യം സംരക്ഷിച്ച് ഞങ്ങള്‍ക്കെല്ലാം ഒന്നിച്ചുജീവിക്കാനുള്ള അധികാരം നല്‍കണമെന്നും തരിഗാമി പറഞ്ഞു.

Latest