Connect with us

National

പാര്‍ലിമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കിയിരുന്നു. പാര്‍ലിമെന്റിലും സംസ്ഥാനത്തെ നിയമസഭകളിലും എസ് സി-എസ് ടി വിഭാഗത്തിനും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും ഏര്‍പ്പെടുത്തിയ സംവരണം നീട്ടുന്നതുമായി ബന്ധപ്പെട്ട ബില്‍ പരിഗണിക്കുമ്പോഴാണ് സംവരണം നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമനിര്‍മാണ സഭകളിലെ സംവരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്.

രാജ്യത്തെ ആഗ്ലോ ഇന്ത്യന്‍ സമൂഹം ഭേദപ്പെട്ട ജീവിത നിലവാരത്തിലെത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പാര്‍ലിമെന്റില്‍ പ്രത്യേക സംവരണത്തിന്റെ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. 1953-ല്‍ കൊണ്ടു വന്ന നിയമ പ്രകാരം അടുത്ത 30 വര്‍ഷത്തേക്കുള്ള താത്കാലിക വ്യവസ്ഥ എന്ന നിലയിലാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം അനുവദിച്ചതെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുകയും മാതാപിതാക്കളില്‍ ഒരാള്‍ ബ്രിട്ടീഷ് പൗരത്വമുള്ളയാളായിരിക്കുകയും ചെയ്യുന്നവരെയാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരനായി ഭരണഘടന വ്യാഖ്യാനിക്കുന്നത്.

അതേസമയം, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി മണ്ഡലങ്ങള്‍ സംവരണം ചെയ്ത രീതി ലോക്‌സഭയിലും നിയമ നിര്‍മാണ സഭകളിലും അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.