Connect with us

National

ഗുജറാളിന്റെ ഉപദേശം നരസിംഹറാവു കേട്ടിരുന്നുവെങ്കില്‍ സിഖ് കലാപം ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി വി നരസിംഹറാവുവിന് സൈന്യത്തെ വിളിക്കണമെന്ന് നല്‍കിയ ഉപദേശം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ 1984 ലെ കൂട്ടക്കൊല ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. 1997-98 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഷം.

1984 ലെ ദുഃഖകരമായ സംഭവം നടന്നപ്പോള്‍ ഗുജ്‌റാള്‍ അന്നത്തെ ആഭ്യന്തരമന്ത്രി പി വി നരസിംഹറാവുവിന്റെ അടുത്ത് ചെല്ലുകയും, സ്ഥിതി വളരെ ഗുരുതരമാണെന്നും സൈന്യത്തെ എത്രയും വേഗം വിളിക്കണമെന്നും പറഞ്ഞിരുന്നു. അത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ 1984 ല്‍ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു – മന്‍മോഹന്‍ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 1984 ല്‍ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിന് ശേഷം ഉണ്ടായ കലാപത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സിഖുകാരെ ലക്ഷ്യമിട്ട് ജനക്കൂട്ടത്തെ അഴിച്ചുവിട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം, മന്‍മോഹന്‍ സിംഗിന്റെ അഭിപ്രായത്തോട് നരസിംഹറാവുവിന്റെ കുടുംബം രൂക്ഷമായി പ്രതികരിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഈ പ്രസ്താവനയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ തനിക്ക് സങ്കടമുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നരസിംഹറാവുവിന്റെ ചെറുമകന്‍ എന്‍ വി സുഭാഷ് പറഞ്ഞു. മന്ത്രിസഭയുടെ അനുമതിയില്ലാതെ ഏതെങ്കിലും ആഭ്യന്തരമന്ത്രിക്ക് സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയുമോ? സൈന്യത്തെ വിളിച്ചിരുന്നെങ്കില്‍ അത് ഒരു ദുരന്തമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1975 ജൂണില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍ ഐ കെ ഗുജ്‌റാള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന ഗുജ്‌റാള്‍ അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനായി “ഗുജ്‌റാല്‍ പ്രമാണം” തയ്യാറാക്കിയിരുന്നു. 2012 ല്‍ 92ാം വയസ്സിലാണ് ഗുജറാള്‍ വിടവാങ്ങിയത്.

ഗുജറാളിന്റെ ജന്മവാര്‍ഷികത്തില്‍ പങ്കെടുത്ത മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, 1998 ല്‍ ഐ കെ ഗുജ്‌റാലിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാറിന് നല്‍കിയ പിന്തുണ പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ഒരു ബിജെപി സര്‍ക്കാരിനെ മാറ്റിനിര്‍ത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.