Connect with us

Editorial

നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍: സമഗ്രാന്വേഷണം വേണം

Published

|

Last Updated

സിനിമാ ലോകത്തെ വര്‍ധിതമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പ്രസ്തുത മേഖലയിലുള്ളവര്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം മുമ്പാണ് മലയാള സിനിമാ ലോകത്ത് പ്രത്യേകിച്ചും ന്യൂജെന്‍ വിഭാഗത്തില്‍ ലഹരി ഉപയോഗം വ്യാപകമായതായി നിര്‍മാതാക്കളായ എം രഞ്ജിത്, ആന്റോ ജോസഫ് എന്നിവരടങ്ങിയ സംഘം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. സിനിമാ സെറ്റുകളില്‍ എക്‌സൈസ് അധികൃതര്‍ കര്‍ശന പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍മാതാക്കളെ പിന്തുണച്ച് നടനും “അമ്മ” എക്‌സിക്യൂട്ടീവ് അംഗവുമായ ബാബുരാജും കഴിഞ്ഞ ദിവസം രംഗത്തു വന്നു. ലഹരി ഉപയോഗം നടിമാരില്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ ഒരു ഫാഷനാണ്. സംവിധായകന്‍, എഴുത്തുകാരന്‍, ക്യാമറാമാന്‍ തുടങ്ങി സിനിമയുടെ എല്ലാ വിഭാഗങ്ങളിലുമുണ്ട് ലഹരിക്കടിപ്പെട്ടവര്‍. ലഹരി ഉപയോഗിക്കുന്നവര്‍ മാത്രം ചെയ്യുന്ന സിനിമകളുണ്ട് മലയാളത്തില്‍. എല്‍ എസ് ഡിയേക്കാള്‍ മാരകമായ മയക്കുമരുന്നുകള്‍ ഷൂട്ടിംഗ് സെറ്റുകളില്‍ ലഭ്യമാണ്. ലഹരി ഉപയോഗിക്കുന്ന നടന്മാര്‍ക്കു വേണ്ടി ഷൂട്ടിംഗ് മാറ്റി വെക്കേണ്ട അവസ്ഥ പോലുമുണ്ടായിട്ടുണ്ടെന്നും ബാബുരാജ് പറയുന്നു.

സിനിമാ ലോകത്തിന് ലഹരി മരുന്ന് മാഫിയ ഉള്‍പ്പെടെ അധോലോക സംഘങ്ങളുമായുള്ള ബന്ധം നേരത്തേ അറിയപ്പെട്ടതാണ്. കൊച്ചിയില്‍ മയക്കുമരുന്ന് വേട്ടക്കിടെ ചില ന്യൂജെന്‍ സിനിമക്കാര്‍ പിടിക്കപ്പെട്ടപ്പോഴും നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടും സിനിമാ- മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് ധാരാളം വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സിനിമാ ലോകത്തെ ഉത്തരവാദപ്പെട്ടവര്‍ അത് തുറന്നു പറയാന്‍ തുടങ്ങിയത് ഇപ്പോഴാണെന്നു മാത്രം. രണ്ടായിരത്തിന്റെ തുടക്കം മുതലാണ് ലഹരിമാഫിയയും അധോലോക സംഘങ്ങളും മലയാള സിനിമാ രംഗത്ത് സജീവമാകുന്നത്. നാല് വര്‍ഷം മുമ്പ് കൊച്ചി മുളവുകാട് ദ്വീപില്‍ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ സിനിമാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഈ കേസിലെ മുഖ്യ കണ്ണിയായ നൈജീരിയക്കാരന്‍ ഒക്കാവോ ഷിഗോസി പോലീസ് മുമ്പാകെ വെളിപ്പെടുത്തിയത്, മലയാള സിനിമയിലെ നാല് ന്യൂജെന്‍ നടന്മാരും രണ്ട് സംവിധായകരും രണ്ട് നിര്‍മാതാക്കളും തന്റെ ഇടപാടുകാരാണെന്നാണ്. 2014 ഫെബ്രുവരി 28ന് കൊച്ചി മരടിലെ ഫ്ലാറ്റില്‍ നഗ്നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ തിരക്കഥാകൃത്തില്‍ നിന്ന് പോലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് ഒരു പ്രമുഖ നടി ലഹരി വസ്തുവുമായി പിടിയിലായിരുന്നു. കഴിഞ്ഞ മെയില്‍ തിരുവനന്തപുരത്ത് 11.5 കോടി രൂപയുടെ കഞ്ചാവുമായി എറണാകുളം സ്വദേശികളെ പിടികൂടിയപ്പോള്‍ മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കാറുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ഫ്രഞ്ച് ഫ്രൈസ് എന്ന അതിമാരക മയക്കുമരുന്നുമായി പിടിയിലായ ആലുവ ചുണങ്ങംവേലി സ്വദേശി അബ്ദുര്‍റശീദ് പോലീസ് മുമ്പാകെ വെളിപ്പെടുത്തിയത് ഇടനിലക്കാര്‍ മുഖേന സിനിമാ സെറ്റുകളിലും ഡി ജെ പാര്‍ട്ടികളിലും ദിനംപ്രതി ലക്ഷങ്ങളുടെ മയക്കുമരുന്ന് എത്തുന്നുണ്ടെന്നാണ്.
സിനിമയും ലഹരി, ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ബോളിവുഡില്‍ നിന്നാണ് തുടങ്ങുന്നത്. ബോളിവുഡ് സിനിമയെ നിയന്ത്രിക്കുന്നത് വലിയൊരളവോളം മുംബൈ അധോലോകമാണ്. സിനിമക്കുള്ള പണം ഇറക്കുന്നത് മുതല്‍ നായികമാരെ തീരുമാനിക്കുന്നത് വരെ അധോലോക നായകന്മാരാണെന്നാണ് പറയപ്പെടുന്നത്. പല ബോളിവുഡ് നായകന്‍മാരും അധോലോകവുമായി തങ്ങള്‍ക്കുള്ള ബന്ധം പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. കോളിവുഡിലും ടോളിവുഡിലും മോളിവുഡിലുമെല്ലാം പിന്നീട് ഇത്തരം ബന്ധങ്ങള്‍ കടന്നുവന്നു. തെലുങ്ക് സിനിമാ പ്രവര്‍ത്തകരുടെ ലഹരിമാഫിയാ ബന്ധം ഇതിനിടെ വലിയ വിവാദമായതാണ്. 2017 ജൂലൈയില്‍ തെലങ്കാന എക്‌സൈസ് വിഭാഗം സൂപ്പര്‍ സ്റ്റാറുകളും പ്രശസ്ത സംവിധായകരുമടങ്ങുന്ന തെലുങ്ക് സിനിമയിലെ പന്ത്രണ്ട് പ്രമുഖര്‍ക്ക് മയക്കുമരുന്ന് കേസില്‍ നോട്ടീസ് നല്‍കുകയുണ്ടായി. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യം ഉള്‍പ്പെടെ താരങ്ങള്‍ക്കെതിരെ തെളിവ് ലഭിച്ചതായും അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

മലയാള സിനിമയിലും അനുബന്ധ വ്യവസായങ്ങളിലും മുംബൈയിലെ അധോലോക സംഘങ്ങളെ അനുസ്മരിപ്പിക്കുന്ന ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയകളും പിടിമുറുക്കിയിട്ടുണ്ട്. കള്ളനോട്ട് കേസിലെയും ബ്ലാക്ക് മെയില്‍ കേസിലെയും പ്രതികളുമുണ്ട് മലയാള താരങ്ങള്‍ക്കിടയില്‍. നക്ഷത്ര ഹോട്ടലുകളില്‍ ഒത്തുകൂടി മദ്യവും മയക്കുമരുന്നും ആവോളം നുകരുന്ന കഥാപാത്രങ്ങളാണ് സിനിമകളില്‍ വലിയൊരു പങ്കും. വെള്ളിത്തിരയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും പല നടീനടന്മാരുടെയും ജീവിത രീതി ഇതു തന്നെയാണെന്നാണ് സിനിമാലോകവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന പല വാര്‍ത്തകളും വിളിച്ചോതുന്നത്.

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍, ലഹരി മാഫിയ ഉള്‍പ്പെടെ സിനിമാ രംഗത്ത് ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ അധോലോക സംഘത്തെ ശക്തിയായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മയക്കുമരുന്ന് കേന്ദ്രങ്ങളാണ് സിനിമാ മേഖലയെന്ന നിര്‍മാതാക്കളുടെ പുതിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെ കാണുമെന്ന് കഴിഞ്ഞ ദിവസം “സിറാജു”മായുള്ള അഭിമുഖത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നിര്‍മാതാക്കളുടെ ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണവും നിയമ നടപടികളും ആവശ്യമാണ്. ഉന്നതങ്ങളുമായി ബന്ധമുള്ളവരാണ് സിനിമാ താരങ്ങളും മേഖലയിലെ മറ്റു പ്രവര്‍ത്തകരും. ഇവര്‍ക്കെതിരെ ഉയരുന്ന ഗുണ്ടായിസ, ലഹരി കേസുകളെ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇടക്കു വെച്ച് അവസാനിപ്പിക്കാറാണ് പതിവ്. പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച അന്വേഷണങ്ങള്‍ക്ക് ഈ ഗതി വരാതിരിക്കട്ടെ.

---- facebook comment plugin here -----

Latest