Kerala
മാവോയിസ്റ്റ് കൊലപാതകം: സി പി ഐ സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും
പാലക്കാട്: തണ്ടര്‍ ബോള്‍ട്ടിന്റെ വെടിവെപ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനഭാഗത്ത് സി പി ഐ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എം എല്‍ എമാരായ ഇ കെ വിജയന്, മുഹമ്മദ് മുഹ്സിന്, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരാണ് സംഘത്തിലുണ്ടാവുക. മേലെ മഞ്ചിക്കണ്ടി ഊരിലെത്തി ഇവിടുത്തെ നിവാസികളുമായി സംഘം സംസാരിക്കും.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് സി പി ഐ സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ ഈ ആരോപണവുമായി രംഗത്തു വന്നിരുന്നു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കാലാവസ്ഥ പ്രതികൂലമായതും തുടര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയും മുന്‍നിര്‍ത്തി മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെയാണ് സംഘം ഇവിടം സന്ദര്‍ശിക്കുന്നത്.