Connect with us

Kerala

കെ എം ബഷീറിന്റെ കൊലപാതകം: അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോടതി

Published

|

Last Updated

തിരുവനന്തപുരം: സിറാജ് യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചു കൊന്ന കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി.

ശ്രീറാമിന്റെ രക്തപരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിച്ചതിനും എഫ് ഐ ആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ നരഹത്യാ കേസില്‍ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്‌മെന്റിന്റെ ഹരജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ മജിസ്‌ട്രേറ്റ് എ അനീസ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍, ആഗസ്റ്റ് മൂന്നിന് നടന്ന സംഭവത്തിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലെ അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്.

അപകടം നടന്ന ശേഷം ആഗസ്റ്റ് ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവാകുന്നത്. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ. ജയപ്രകാശിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഏഴിനാണ് സിറാജ് മാനേജ്‌മെന്റ് ഹരജി നല്‍കിയത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മ്യൂസിയം ക്രൈം എസ് ഐ നടത്തിയത്.

കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒമ്പത് മണിക്കൂറിന് ശേഷം മാത്രമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് ശ്രീറാം വെങ്കിട്ടരാമന്‍ തന്റെ സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മ്യൂസിയം ക്രൈം എസ് ഐ. ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ അപകടം ഉണ്ടാക്കിയ കാര്‍ ആരാണ് ഓടിച്ചിരുന്നതെന്ന് രേഖപ്പെടുത്തിയിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അവരുടെ പേരു വിവരങ്ങളും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 279, 304 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. വാഹനമോടിച്ചത് ആരാണ് എന്നതിന് അറിയില്ല എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്നതിനായി മദ്യപിച്ചു വാഹനമോടിച്ചുവെന്ന പരാമര്‍ശവും എഫ് ഐ ആറില്‍ ഉണ്ടായിരുന്നില്ല. പിന്നീട് മാധ്യമ സമൂഹത്തിന്റെ സമ്മര്‍ദത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ജ് ചെയ്യുന്നതും വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുന്നതും. സിറാജ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജിക്ക് വേണ്ടി അഡ്വ. എസ് ചന്ദ്രശേഖരന്‍ നായരാണ് കേസ് വാദിക്കുന്നത്.

---- facebook comment plugin here -----

Latest