Connect with us

Eduline

പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള ഫ്‌ളോട്ടിംഗ് സംവരണം നിര്‍ത്തും

Published

|

Last Updated

സംസ്ഥാനത്തെ കോളജുകളില്‍ പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള ഫ്‌ളോട്ടിംഗ് സംവരണം നിര്‍ത്തലാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍. സംവരണം കോളജ് അടിസ്ഥാനത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സംവരണ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കു മെറിറ്റ് അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട കോളജിലേക്കു പ്രവേശനം മാറ്റി നല്‍കുന്ന ഫ്‌ളോട്ടിംഗ് സംവരണ” രീതിയാണ് നിര്‍ത്തലാക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറ്റം കൊണ്ടുവരാൻ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുക. ഈ രീതി നടപ്പാക്കുമ്പോള്‍ വയനാട്, ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ സംവരണ വിദ്യാര്‍ഥികള്‍ മാത്രമായി മാറുന്നുവെന്ന പട്ടികജാതി വികസന വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണം കോളജ് തലത്തിലാക്കാന്‍ നടപടികള്‍ തുടങ്ങിയത്. അതേസമയം പുതിയ രീതി നടപ്പാകുന്നതോടെ സംവരണ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കു സ്‌റ്റേറ്റ് മെറിറ്റ് ക്വോട്ടയിലെ സീറ്റുകള്‍ കുറയും. ഇത് ഒ ബി സി വിഭാഗത്തിൽപ്പെട്ട വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും പരാതിയുണ്ട്. സ്റ്റേറ്റ് മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന സംവരണ ആനുകൂല്യമുള്ള വിദ്യാര്‍ഥിക്ക് വേറെ കോളജിലേക്കു മാറാന്‍ ഫ്‌ളോട്ടിങ് സംവരണ രീതി വഴി സാധിച്ചിരുന്നു.

എന്നാല്‍ ഇതു വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങുന്ന കോളജുകളുടെ അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണു പട്ടിക ജാതി വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവില്‍ വയനാട് ഗവ. എന്‍ജിനീയറിംഗ് കോളജില്‍ 95 ശതമാനവും ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളജില്‍ 80 ശതമാനവും വിദ്യാര്‍ഥികള്‍ പിന്നാക്ക വിഭാഗക്കാരാണ്. എന്നാല്‍, ഫ്‌ളോട്ടിംഗ് പ്രവേശനരീതി നിര്‍ത്തലാക്കുന്നതോടെ സ്റ്റേറ്റ് മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥിക്ക് താത്പര്യമുള്ള കോളജില്‍ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈ വിദ്യാര്‍ഥിയെക്കാള്‍ റാങ്കില്‍ പിറകില്‍ നില്‍ക്കുന്ന വിദ്യാര്‍ഥി മികച്ച കോളജില്‍ പ്രവേശനം നേടുകയും ചെയ്യും.

Latest