Connect with us

Ongoing News

ഓപ്പറേഷന്‍ പി ഹണ്ട് 3; കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും തിരയുകയും ചെയ്ത 12 പേരെ പോലീസ് പിടികൂടി. ഇവരില്‍ വിദ്യാര്‍ഥിയുമുണ്ട്. ഇന്റര്‍പോളും കേരള പോലീസും ചേര്‍ന്ന് നടത്തുന്ന “ഓപറേഷന്‍ പി ഹണ്ട്” എന്ന് പേരു നല്‍കിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, രാഹുല്‍ ഗോപി, കണ്ണൂര്‍ മതിപറമ്പ് സ്വദേശികളായ എ. ജിഷ്്ണു, കെ. രമിത്, കരിയാട് സ്വദേശി ജി.പി.ലിജേഷ്, പുല്ലംപാറ സ്വദേശി എസ് മുഹമ്മദ് ഫഹാദ്, പത്തനംതിട് വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളം സ്വദേശികളായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

സൈബര്‍ ഇടങ്ങളില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഈ വര്‍ഷം തുടക്കത്തിലാണ് സൈബര്‍ഡോം “ഓപറേഷന്‍ പി ഹണ്ട്” പദ്ധതി ആവിശ്കരിച്ചത്. എ ഡി ജി പിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമിന്റെ നേതൃത്ത്വതില്‍ നടക്കുന്ന മൂന്നാം ഘട്ട പരിശോധനയിലാണ് 12 പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ നടന്ന രണ്ട് ഘട്ടങ്ങളില്‍ 26 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

നവ മാധ്യമങ്ങളില്‍ ഏറെ സ്വകാര്യതയുള്ള വാട്സ് ആപ്, ടെലഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ മൂന്ന് പ്രത്യേക പേരുകളിലുള്ള ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് നഅന്വേഷണം. ഗ്രൂപ്പുകളില്‍ സജീവമായ 123 പേരെ നിരീക്ഷിച്ച പോലീസ് സംസ്ഥാനത്തെ 21 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും 12 പേരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്ന് ലാപ്ടോപ്, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, മോഡം തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.

പിടികൂടിയവരില്‍ വിദ്യാര്‍ഥി ഉള്‍പ്പെട്ടതിനാല്‍ കൂടുതല്‍ ഗ്രൂപ്പുകളില്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യവും നഗ്‌ന ദൃശ്യങ്ങളുടെ കൈമാറ്റത്തിന് ഇവരുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്. ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് പണം നല്‍കുന്നതിനായി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസ് നേരത്തെ പങ്കുവച്ചിരുന്നു. 20 കേസുകള്‍ എടുത്തു. വാട്‌സാപ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നിവയിലെ ഇത്തരം ഗ്രൂപ്പുകളും അംഗങ്ങളും നിരീക്ഷണത്തിലാണെന്നു പോലീസ് അറിയിച്ചു. 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സംസ്ഥാന വ്യാപകമായി ഇതു സംബന്ധിച്ചുള്ള പരിശോധനകള്‍ തുടരുകയാണെന്ന് എ ഡി ജി പി മനോജ് എബ്രഹം പറഞ്ഞു. വിവിധ ജില്ലകളില്‍ പോലീസ്് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത റെയ്ഡിന് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാര്‍മോന്‍ ആര്‍ പിള്ള നേതൃത്വം നല്‍കി.

Latest