Connect with us

Ongoing News

പിന്നെയെന്ത് ചേനയാണ് നമ്മൾ

Published

|

Last Updated

കഥയായിരിക്കാം. പക്ഷേ, വീര്യമേറിയ ഒരു കാര്യം മറഞ്ഞുകിടപ്പുണ്ട്. മൂസ്സക്കുട്ടിയുടേതാണ് കഥ. പേര് കേട്ടാൽതോന്നും പേരമക്കൾ മടിയിലിരുന്ന് നിരങ്ങുന്ന ഉപ്പാപ്പയാണെന്ന്. എന്നാൽ വെറും എട്ടാം ക്ലാസുകാരനാണ് ഈ മൂസക്കുട്ടി. ബെഗിഡുകളിയാണ് പൊതുവെ. കൂട്ടുകാർ “മൂട്ടകുട്ടി” എന്നു വിളിക്കും. തലക്ക് മേടും. കളിയാക്കും.
കൊല്ലം രണ്ട് കഴിഞ്ഞു. മൂസക്കുട്ടിക്ക് മാറ്റങ്ങൾ വന്നിട്ടുണ്ട്. നന്നായി എന്നു പറഞ്ഞാൽ വളരെ നന്നായി പഠിക്കുന്നുണ്ട്. വാക്കുകളിലുമുണ്ട് കനവും കാര്യവും. അസീസുസ്താദ് ജോലി മാറി മറ്റൊരു നാട്ടിലേക്ക് പോവുകയാണ്. മൂസക്കുട്ടിക്ക് മാറ്റം വന്നതും ആ ഉസ്താദിന്റെ വരവോടുകൂടിയായിരുന്നു. രണ്ട് കൊല്ലം തികയുന്നേ ഉള്ളൂ മൂപ്പർ വന്നിട്ട്. പോകുകയാണ് പോലും!

കുട്ടികൾക്കയാൾ തേനായിരുന്നു. അയാൾക്ക് കുട്ടികൾ പാലും. എല്ലാവരെയും പരിഗണിക്കുമെങ്കിലും നന്നേ പിന്നാക്കമായിരുന്ന മൂസക്കുട്ടിയോട് ഉസ്താദിന് ഒരിഞ്ച് അടുപ്പം അധികമുണ്ട്. ആ അടുപ്പാധിക്യമായിരിക്കണം മൂസക്കുട്ടിയെ മുൻപന്തിയിലെത്തിക്കാൻ നിമിത്തമായത്.
ഉസ്താദ് പോകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. കമ്മിറ്റിക്കാരും നാട്ടുകാരും മഹല്ലിലെ സ്ത്രീജനങ്ങളാകമാനവും മൂപ്പരെ പിടിച്ചുനിർത്താൻ പലനിലക്ക് പരിശ്രമിച്ചു നോക്കി. ഒന്നും ഏശുന്ന മട്ടില്ല. അങ്ങനെയിരിക്കേ കുട്ടികൾക്കൊരു ഐഡിയ വിരിഞ്ഞു.
“”നമുക്ക് മൂസക്കുട്ടിയെ കൊണ്ട് ഒന്നു പറയിപ്പിച്ചു നോക്കിയാലോ””

“”ശരിയാ കെട്ടാ…”” എല്ലാവരും പിന്താങ്ങി. ഒരുകാലത്ത് ക്ലാസിന്റെ കുഴിനഖമായിരുന്ന മൂസക്കുട്ടി വശം ഇപ്പോൾ ക്ലാസ് ഒന്നടങ്കം ആദരവോടെ വളഞ്ഞു നിൽക്കുകയാണ്.
“”നീ പറയണം, ഉസ്താദിനോട് പോകരുതെന്ന്. ഞങ്ങളാര് പറഞ്ഞിട്ടും കാര്യമില്ല.””
“”നീ പറഞ്ഞാൽ ഷുവർ, ഉസ്താദ് കേൾക്കും. ഇവിടെത്തുടരും.”” അവർ അവനോട് കെഞ്ചി.
മൂസക്കുട്ടിക്ക് ചിരിവന്നു. പക്ഷേ, വേഗം അത് മാഞ്ഞു. മൂസക്കുട്ടിയുടെ മുഖം ചുവന്നു. വിങ്ങി… വീങ്ങി… അവൻ എന്തോ പറയാൻ ഒരുങ്ങി. പക്ഷേ, പൂർത്തിയാക്കിയില്ല.
അവർ നിർബന്ധിച്ചു.
“”നീ ഒന്ന് ചെന്ന് പറയ്.””

മൂസക്കുട്ടി പറയുകയാണ്:””നിങ്ങളെന്തിനാ ഉസ്താദിനെ തടയുന്നത്? ഓർ പോയ്‌ക്കോട്ടെ, അല്ല പോകണം.””
കണ്ണുകളിൽ ആകാംക്ഷയുടെ കിണറാഴങ്ങൾ.
“”ഉസ്താദ് പോവുന്നിടത്ത് കൂട്ടുകാരാൽ പരിഹസിക്കപ്പെടുന്ന എന്നെപ്പോലുള്ള ഏതെങ്കിലും മൂസക്കുട്ടിയുണ്ടെങ്കിൽ അവനെ ഉസ്താദ് രക്ഷപ്പെടുത്തുമല്ലോ..””
യാ… ഖുദാ… കേട്ടുനിന്നവരുടെ കണ്ണ് നനഞ്ഞുപോയി.
വിദ്യാർഥികളുടെ കണ്ണിൽ, അറിവു പകരുന്നവർ മാത്രമല്ല അധ്യാപകൻ – മറിച്ച് അവരുടെ വിമോചകരും രക്ഷകരുമാണ്. അധ്യാപന സേവനത്തിന്റെ നേർത്ത ഉറുമാൽകൊണ്ട് വിദ്യാർഥി ഹൃദയങ്ങളെ പൊതിഞ്ഞെടുക്കാൻ കഴിയുമ്പോഴാണ് യഥാർഥ അധ്യാപകൻ പിറവികൊള്ളുന്നത്. പൊതുവെ നമുക്ക്, പഠിക്കാത്തവനേയും മണ്ടയില്ലാത്തവനേയും കുരുത്തക്കേടുള്ളവനേയും ഉറക്കം തൂങ്ങുന്നവനേയും വൈകി വരുന്നവനേയും ലീവാകുന്നവനേയും ഇഷ്ടമല്ല. അവരെ ഒരു മാതിരി മറ്റേ കണ്ണ് കൊണ്ട് കാണാനും പറ്റുമെങ്കിൽ പരസ്യമായി ശാസിക്കാനുമാണ് കൂടുതലിഷ്ടം. അതേസമയം, നല്ലോണം പഠിക്കുന്നവനെ പുന്നരിക്കാൻ നാം മത്സരിക്കുകയും ചെയ്യുന്നു.

പഠിപ്പിൽ മിടുക്കനായ കുട്ടിയുടെ “ഉപ്പ വിളിച്ചിരുന്നോ, എപ്പോഴാണ് നാട്ടിൽ വരുന്നത്, അന്വേഷണം പറയണം കേട്ടോ” എന്നൊക്കെ പറയാൻ നമുക്ക് വലിയ മിടുക്കാണ്. എന്നാൽ പഠിപ്പിൽ നന്നേ പിന്നാക്കം ആയ അന്തങ്കമ്മിയുടെ “ഉപ്പാക്ക് ജോലിയുണ്ടോ, വലിവിന്റെ അസുഖത്തിന് ആക്കമുണ്ടോ, മൊഴിചൊല്ലി വീട്ടിലിരിക്കിക്കുന്ന പെങ്ങളുടെ ഹാലെന്താണ് മോനേ…” എന്നൊന്നും ചോദിക്കാൻ നമുക്ക് താത്പര്യം കാണാറില്ല. ഹൗ.. ഹൗ..ന്റുമ്മ്മാ…
വാസ്തവത്തിൽ പഠിക്കുന്ന കുട്ടി നമ്മളിനി മരിച്ചുപഠിപ്പിച്ചില്ലെങ്കിലും ഒരുവിധം നീന്തിക്കയറും. അതേസമയം ബുദ്ധിക്കുറവിന്റെ, ശ്രദ്ധക്കുറവിന്റെ, പ്രതികൂല സാഹചര്യത്തിന്റെ, സാമ്പത്തിക പരാധീനതയുടെ, മുടിഞ്ഞ കുടുംബ കലഹത്തിന്റെയൊക്കെ ഇടയിൽ ചതഞ്ഞ് ക്ലാസിൽ സ്റ്റാറാവാൻ കഴിയാതെ കൈകാലിട്ടടിക്കുന്നവനെയല്ലേ നാം താങ്ങി അക്കരയെത്തിക്കേണ്ടത്. അങ്ങനെ ഓരോ ക്ലാസിൽ നിന്നും ഒരാളെയെങ്കിലും മോചനത്തിന്റെ തുരുത്തിലേക്ക് തള്ളിയെത്തിക്കുമ്പോഴല്ലേ നമ്മുടെ കർമ ജീവിതം സഫലമാകുന്നത്.

അധ്യാപകനാകുമ്പോൾ അറിവുണ്ടായിരിക്കണം. അതുപക്ഷേ, അയാളുടെ അനിവാര്യയോഗ്യതയാണ്. അല്ലാതെ അയാൾക്കുള്ള അധിക അലങ്കാരമല്ല. അറിവിനപ്പുറം അങ്ങേയറ്റം സഹിക്കാനുള്ള, താഴാനുള്ള, കടിച്ചിറക്കാനുള്ള, കണ്ടില്ലെന്ന് നടിക്കാനുള്ള, വിട്ടു കൊടുക്കാനുള്ള അധിക യോഗ്യതകൾ കൂടി സ്വായത്തമാകുമ്പോഴാണ് അധ്യാപകൻ എന്ന പച്ചമനുഷ്യന് കിരീടവും ചെങ്കോലും സിംഹാസനവും കൈവരുന്നത്. കുട്ടികളിൽ കാണുന്ന വിവേകരാഹിത്യങ്ങൾ പിതൃനിർവിശേഷമായ വത്സലതയോടെ സ്വീകരിക്കാനും അവരുടെ ആത്യന്തികമായ നന്മക്കും വിജയത്തിനും വേണ്ടി അതെല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുമ്പോൾ നാം പിരിഞ്ഞു പോവാനിറങ്ങുമ്പോൾ നാടു കരയും. ഇല്ലേ, നാം പോവുന്നുവെന്നറിയുമ്പോൾ ആഹ്ലാദത്തിന്റെ മഞ്ഞലഡു ലോഡുകണക്കിന് വന്നിറങ്ങും.

സൂക്ഷിച്ച് നോക്കണേ, നിങ്ങളുടെ ക്ലാസുകളിൽ നിന്ന് ഒരു മൂസക്കുട്ടിയെ കണ്ടുപിടിക്കാനാകുമോ എന്ന്. അവനാണേ, അവൻ മാത്രമാണേ നിങ്ങളുടെ സേവനായുസ്സിന്റെ ഏകസാഫല്യം, അവനാണേ, അവൻ മാത്രമാണേ നിങ്ങളുടെ കർമജീവിതത്തിന്റെ തിരുശേഷിപ്പ്.

കാലങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, മഹാ ഗുരുക്കൻമാരേ, പാതിരാവിൽ വലതുകൈ ഇടതു നെഞ്ചിൽ അമർത്തിവെച്ച് സ്വന്തത്തോട് ചോദിച്ചുനോക്കിയാട്ടെ, എത്ര മൂസക്കുട്ടിമാരെ എനിക്ക് ഇവ്വിധം കരകയറ്റാൻ കഴിഞ്ഞുവെന്ന്? ഇല്ലെങ്കിൽ പിന്നെയെന്ത് ചേനയാണ്…

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com