Connect with us

Editorial

പ്രതീക്ഷകളും ആശങ്കകളും

Published

|

Last Updated

സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലും ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ അടങ്ങുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാറിന്റെ കന്നി ബജറ്റ്. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും സ്വന്തമായി വീടും വൈദ്യുതിയും പാചക വാതകവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. 2022നകം ഗ്രാമീണ മേഖലയില്‍ ശൗചാലയം, ഗ്യാസ്, കറന്റ് സംവിധാനമുള്ള 1.95 കോടി വീടുകള്‍ നിര്‍മിക്കും. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലക്ക് പ്രോത്സാഹനം, 2020 മാര്‍ച്ച് 31 വരെയുള്ള ഭവന വായ്പക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി കിഴിവ്, ഒക്‌ടോബറോടെ രാജ്യത്തെ നഗരങ്ങള്‍ വെളിയിട വിസര്‍ജന മുക്തമാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. വൈദ്യുതി വിതരണത്തിന് എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിയും ബജറ്റ് മുന്നോട്ട് വെക്കുന്നു.

അതേസമയം, പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ധിപ്പിക്കുക വഴി സാധാരണക്കാരന്റെ ദുരിതം വര്‍ധിപ്പിക്കുന്ന നടപടികളുമുണ്ട് ബജറ്റില്‍. റോഡ് അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്താനാണ് സെസ്. ഫലത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിക്കും. സ്വാഭാവികമായും ഇത് ചരക്ക് കടത്തുകൂലി വര്‍ധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനും വഴിയൊരുക്കും. സ്വര്‍ണത്തിന്റെയും മറ്റു വിലപിടിപ്പുള്ള ലോഹങ്ങളുടെയും ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി വര്‍ധിപ്പിക്കും. ഇതോടെ സ്വര്‍ണത്തിനും വെള്ളിക്കും വില കൂടും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ 2025ല്‍ അഞ്ച് ട്രില്യനും (അഞ്ച് ലക്ഷം കോടി രൂപ) 2032ല്‍ പത്ത് ട്രില്യനും (പത്ത് ലക്ഷം കോടി രൂപ) ആക്കുകയെന്ന മോദി സര്‍ക്കാറിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി ഈ വര്‍ഷം രാജ്യത്തെ സമ്പദ്ഘടനയെ മൂന്ന് ട്രില്യന്‍ ഡോളര്‍ മൂല്യമുള്ളതാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറയുന്നു. അതേസമയം, ഏറ്റവും മോശമാണ് നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി. 2019 ജനുവരി – മാര്‍ച്ച് കാലത്ത് വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായി താഴ്ന്നിരിക്കുകയാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് എത്തിയിരിക്കുന്നു. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി തീരെ കുറവ്. വ്യവസായ രംഗത്ത് ഉത്പാദനം കുറഞ്ഞു. കൃഷിമേഖലയില്‍ അസ്വസ്ഥത പുകയുന്നു. ജി എസ് ടി വരുമാനത്തില്‍ കാര്യമായ വര്‍ധന നേടുന്നില്ലെന്നു മാത്രമല്ല കുറഞ്ഞു വരികയുമാണ്. ധനക്കമ്മി 3.4 ശതമാനത്തിലും കൂടിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.

ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ ആറ് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം കോടി രൂപയിലെത്തിക്കുകയെന്നത് ദിവാ സ്വപ്‌നമായി അവശേഷിക്കാനേ സാധ്യതയുള്ളൂ. കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യമായ നിര്‍ദേശങ്ങളും ബജറ്റിലില്ല.
പ്രവാസികള്‍ക്ക് ആഹ്ലാദകരമായ ഒരു പ്രഖ്യാപനമുണ്ട് ബജറ്റില്‍. 180 ദിവസം കാത്തിരിക്കാതെ തന്നെ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുള്ള എല്ലാ എന്‍ ആര്‍ ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ ഉറപ്പ് നല്‍കി. പ്രവാസി ഇന്ത്യക്കാര്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരാവശ്യമാണിത്. ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് സംവിധാനമുള്ള മറ്റു രാജ്യങ്ങളെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെ അവരുടെ എല്ലാ പൗരന്മാര്‍ക്കും അത് അനുവദിക്കുന്നുണ്ടെങ്കിലും നിലവില്‍ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. ആധാര്‍ നിയമത്തിലെ 3.1 സെക്ഷന്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. അതേസമയം, നാട്ടില്‍ ഏത് ആവശ്യത്തിനും ആധാര്‍ ഹാജരാക്കേണ്ട സ്ഥിതിയുമാണ് അവര്‍ക്ക്. പ്രവാസികള്‍ക്ക് ആധാര്‍ നല്‍കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. പുതിയ ബജറ്റ് വാഗ്ദാനവും പ്രഖ്യാപനത്തില്‍ ഒതുങ്ങാതിരിക്കട്ടെ.
ബജറ്റില്‍ മോഹന വാഗ്ദാനങ്ങള്‍ ഏറെയുണ്ടെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അതെങ്ങനെ നടപ്പാക്കുമെന്ന ചോദ്യം പ്രസക്തമാണ്. പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമല്ല, ദൈനംദിന ഭരണ നടപടികള്‍ക്കു പോലും സര്‍ക്കാര്‍ പുതിയ ധന സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്. നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ എല്ലാ ബജറ്റും ലക്ഷ്യമിടാറുണ്ടെങ്കിലും ഫലപ്പെടാറില്ല. ജി എസ് ടി വന്ന ശേഷം പ്രത്യേകിച്ചും നികുതി പിരിവ് താഴോട്ടാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കലാണ് മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ കാണുന്ന കുറുക്കു വിദ്യ. കൂടുതല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഈ സാമ്പത്തിക വര്‍ഷം മാത്രം ഇതുവഴി 1,05,000 കോടി രൂപ കണ്ടെത്തുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു. റിസര്‍വ് ബേങ്ക് ആസ്തിയിലും സര്‍ക്കാറിന് കണ്ണുണ്ട്. ആര്‍ ബി ഐയുടെ തലപ്പത്ത് സര്‍ക്കാറിന് സ്വാധീനമുള്ള ഉദ്യോഗസ്ഥന്‍ വന്നു കഴിഞ്ഞ സാഹചര്യത്തില്‍ മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുകയായ 3.6 ലക്ഷം കോടി രൂപ സര്‍ക്കാറിന് ലഭ്യമായേക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തന്നെയായിരുന്നു ഒന്നാം മോദി സര്‍ക്കാറും മന്‍മോഹന്‍ സര്‍ക്കാറുമെല്ലാം വരുമാന മാര്‍ഗത്തിനു കണ്ടെത്തിയ മാര്‍ഗം. ഇതുവഴി നിരവധി പൊതുസ്ഥാപനങ്ങളുടെ നല്ലൊരു പങ്കും സ്വകാര്യ മേഖലയുടെ കൈകളില്‍ അമര്‍ന്നു. ഇങ്ങനെ രാജ്യത്തിന്റെ ആസ്തികള്‍ വിറ്റ് സര്‍ക്കാറുകള്‍ക്ക് എത്രകാലം മുന്നോട്ടു പോകാനാകും. കാര്‍ഷിക മേഖലയുടെ പരിപോഷണം, വ്യവസായ മാന്ദ്യം തടയല്‍, കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കല്‍, ഉപഭോക്തൃശേഷി വര്‍ധിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ രാജ്യത്തിന്റെ ആസ്തികളില്‍ കൈവെക്കാതെ വരുമാനം വര്‍ധിപ്പിക്കുകയാണ് രാജ്യം നേരിടുന്ന മാന്ദ്യത്തെ അതിജീവിച്ച് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള ക്രിയാത്മക മാര്‍ഗം.