Connect with us

Alappuzha

ലേഡീസ് കമ്പാർട്ട്‌മെന്റിൽ കടത്തിയ ആറ് കിലോ കഞ്ചാവ് പിടികൂടി

Published

|

Last Updated

ആലപ്പുഴ: ധൻബാദ്-ആലപ്പുഴ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്‌മെന്റിൽ നിന്ന് ആറ് കിലോ കഞ്ചാവ് എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡ് പിടികൂടി. ആലപ്പുഴ എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെകടർ വി റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടിയത്.

മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം വിലവരും. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി എക്‌സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ആലപ്പുഴയിലേക്ക് വന്ന ധൻബാദ് എക്‌സ്‌പ്രെസ് ട്രെയിനിലെ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളത്ത് നിന്ന് ഷാഡോ എക്‌സൈസ് സംഘം ട്രെയിനിലെ കമ്പാർട്ട്‌മെന്റിൽ നിരീക്ഷണം നടത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാനാണ് കടത്തുകാർ ബാഗ് അടക്കം കഞ്ചാവ് ട്രെയിനിൽ ഉപേക്ഷിച്ച് പോയതെന്ന് സംശയിക്കുന്നു. ഒരു ട്രാവൽ ബാഗിൽ നാല് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് കടത്തിയത്.

രണ്ട് കിലോയുടെ രണ്ട് പാക്കറ്റുകളും ഒരു കിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലുമായി ആകെ ആറ് കിലോ കഞ്ചാവ് ആണ് കണ്ടെടുത്തത്. കഞ്ചാവ് കടത്തിയ ബാഗിനുള്ളിൽ നിന്ന് സിം ഊരി മാറ്റിയ നിലയിൽ ഒരു മൊബൈൽ ഫോണും ഫോൺ നമ്പർ രേഖപ്പെടുത്തിയ തമിഴ് ഭാഷയിലുള്ള ഒരു വിസിറ്റിംഗ് കാർഡും ലഭിച്ചിട്ടുണ്ട്. കടത്തുകാരെ കണ്ടെത്താതിരിക്കാനാണ് സിം ഊരി മാറ്റിയത്. കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ വിശദാംശങ്ങൾ ഉപയോഗിച്ച് പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നത്.