Connect with us

Education

അവർക്ക് മലയാളികളെ വേണം

Published

|

Last Updated

പി പി ജുനൈദ്

“ഭാവിയിൽ ഐ എ എസുകാര”നാകണമെന്ന് പ്ലസ് ടുവിലെ അവസാനകാലം കൂട്ടുകാരന്റെ ഓട്ടോഗ്രാഫിലെഴുതിയെങ്കിലും പഠനത്തിൽ മാത്രം മുഴുകുന്ന പ്രകൃതമായിരുന്നില്ല പി പി ജുനൈദിന്റെത്. കലയോട് പ്രത്യേക “മുഹബ്ബത്” ആയിരുന്നു. ചിത്രരചന, പെയിന്റിംഗ്, കഥാ രചന എന്നിവയിലായിരുന്നു താത്പര്യം. പ്ലസ് ടു കഴിഞ്ഞ് സർക്കാർ കോളജിൽ നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ബിരുദമെടുത്താണ് ജുനൈദ് കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷയിൽ ഇരുന്നൂറാം റാങ്ക് നേടിയത്. ഇപ്പോൾ രാജസ്ഥാനിലെ പാക് പഞ്ചാബ് അതിർത്തിയിൽ ശ്രീഗംഗാനഗർ ജില്ലയിലെ അസി. കലക്ടർ (ട്രെയിനി), സബ് ഡിവിഷനൽ മജിസ്‌ട്രേറ്റായി സേവനം ചെയ്യുന്നു.

മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം എന്ന ഉൾനാടൻ ഗ്രാമമാണ്, 2018 ഐ എ എസ് ബാച്ചിലെ എട്ട് മലയാളികളിലൊരാളായ പി പി ജുനൈദിന്റെ ജന്മനാട്. പൊതു വിദ്യാലയങ്ങളിൽ പഠിച്ച തനി ഗ്രാമീണനും സാധാരണ കുടുംബാംഗവുമാണ്. അർപ്പണ ബോധവും ഇഛാശക്തിയുമുണ്ടെങ്കിൽ നേട്ടത്തിലേക്കുള്ള പടവുകൾ നിഷ്പ്രയാസം കയറാനാകുമെന്ന സന്ദേശവും നൽകുന്നു ഈ യുവാവ്. നമുക്ക് ജുനൈദിനെ കേൾക്കാം…

? സാമൂഹികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിശേഷതകൾ നിറഞ്ഞ ഇടത്താണ് താങ്കളിപ്പോൾ ജോലി ചെയ്യുന്നത്. രാജസ്ഥാനിലെ വിശേഷങ്ങളിൽ നിന്ന് തുടങ്ങാം..

മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അഡ്മിനിസ്‌ട്രേഷൻ അക്കാദമിയിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയാണ് രാജസ്ഥാനിൽ അസി. കലക്ടറായി പരിശീലനത്തിനെത്തിയത്. മലയാളി ഉദ്യോഗസ്ഥരിൽ ശുഭപ്രതീക്ഷയുള്ളവരാണ് രാജസ്ഥാനികൾ. സമ്മർദങ്ങൾക്ക് കീഴ്‌പ്പെടാതെ നീതി ലഭ്യമാക്കാൻ മലയാളികൾക്ക് കഴിയുമെന്നതാണ് ഈ പ്രതീക്ഷക്ക് കാരണം. അനുഭവങ്ങളാണ് അവർക്ക് ഈ പാഠം നൽകിയത്. കേരളത്തിലെ സാഹചര്യം പോലെയല്ല അവിടെ. പല ഗ്രാമങ്ങളിലും വികസനം കുറവാണ്. ജന്മിമാർ എന്നും ജന്മിമാരും അവർ തന്നെ ജനപ്രതിനിധികളായി വരുന്നതും എക്കാലത്തേക്കും വികസന മുരടിപ്പിന് കാരണമാകുന്നു. ഗ്രാമീണരിൽ ഭൂരഹിതരുടെ എണ്ണവും കൂടുതലാണ്.
ദക്ഷിണേന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ബ്രിട്ടീഷുകാരുടെ രീതികൾ അവലംബിക്കുന്നത് മുതലാളി, തൊഴിലാളി സംസ്‌കാരത്തിന് വഴി ഒരുക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. ഐ എ എസുകാർക്ക് പോലും രാജകീയ പരിഗണന നൽകുന്ന സ്ഥലങ്ങളുണ്ടെന്ന് രാജസ്ഥാൻ യാത്രകളിൽ അനുഭവിച്ചിട്ടുണ്ട്. ജോലിയിലിരിക്കുമ്പോൾ മാത്രമാണ് ആ പരിഗണന വേണ്ടൂ. മറ്റു സമയങ്ങളിൽ എല്ലാവരും സാധാരണക്കാർ തന്നെ.

? എൻജിനീയറിംഗ് ബിരുദം ഇപ്പോഴത്തെ ദൗത്യത്തിന് എത്രമാത്രം ഉപകാരപ്പെടുന്നുണ്ട്
സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് കഴിഞ്ഞത് കൊണ്ട് ഇപ്പോഴത്തെ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി സേവന മേഖല കൂടുതൽ ഉപയോഗപ്പെടുത്താനും സാങ്കേതിക പ്രശ്‌നങ്ങൾ മനസ്സിലാക്കാനും കഴിയുന്നുണ്ട്. ആധാർ ബയോമെട്രിക്, റേഷനിംഗ് ഡിജിറ്റലൈസേഷൻ, ഇ ഗവേണിംഗ് തുടങ്ങി രാജ്യത്തെ ഓരോ പൗരനുമായും വിവര സാങ്കേതികവിദ്യ നേരിട്ട് ബന്ധപ്പെടുന്നു. കൂടുതൽ പരാതികൾ വരുമ്പോൾ ഈ മേഖലയിലെ പ്രശ്‌നങ്ങൾ വ്യക്തമായി പഠിക്കാൻ എൻജിനീയറെന്ന നിലയിൽ സാധിക്കുന്നുണ്ട്.
? പുതിയ കാലത്ത് ഐ എ എസ് പോലുള്ള ഉയർന്ന സ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നവരോട് താങ്കൾക്ക് പറയാനുള്ളത്…

ആദ്യം മുതലെ തുടങ്ങണം. ലക്ഷ്യം സാക്ഷാത്കരിക്കാൻ ക്ഷമയും പ്രയത്‌നവും വേണം. ഒരിക്കൽ പരാജയപ്പെട്ടെന്ന് കരുതി പിന്തിരിയരുത്. മൂന്നാമത്തെ ശ്രമത്തിലാണ് ഞാൻ വിജയിച്ചത്. വായന വളരെ പ്രധാനമാണ്. ആവശ്യമായതെല്ലാം വായിക്കണം. പൊതു വിഷയങ്ങളിലെ ജ്ഞാനം പ്രധാനമാണ്. എല്ലാം അടുക്കും ചിട്ടയിലുമാകണം. ജനങ്ങളെ സേവിക്കാനുള്ളതാണ്. അതിനാൽ പൊതുജന സാമൂഹിക പ്രവർത്തനത്തിന് സന്നദ്ധരാകണം.

? പഠന കാലം…

പ്രീ പ്രൈമറി വിദ്യാഭ്യാസം നേടിയിട്ടില്ല. നാട്ടിലെ പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളിലും പഠിച്ചു. സമീപ പഞ്ചായത്തിലെ സ്‌കൂളിലായിരുന്നു പ്ലസ് ടു. തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജിൽ നിന്നാണ് ബിരുദം. രണ്ട് വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്.
പഠനത്തിൽ മാത്രം മുഴുകുന്ന രീതിയായിരുന്നില്ല. കലാ രംഗത്ത് താത്പര്യമുണ്ടായിരുന്നു. ഉപ ജില്ല, ജില്ലാ തലങ്ങളിലെല്ലാം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നേതൃഗുണവും അച്ചടക്കവും വളരെ പ്രധാനമാണ്. പഠിച്ച രണ്ട് സ്‌കൂളുകളിലും സ്‌കൂൾ ലീഡറായിരുന്നു. അച്ചടക്കം കുടുംബത്തിന്റെ കണിശതയായിരുന്നു. കുടുംബം പുലർത്തിപ്പോന്ന രീതിയും അതാണ്. പിതാവും പിതാമഹനുമടക്കം പണ്ഡിതന്മാരാണ്. അനാവശ്യമായി വീട്ടിൽ നിന്നിറങ്ങാറില്ല. അയൽപ്പക്കം, സഹപാഠികൾ, കുടുംബക്കാർ എന്നിവരോടെല്ലാം നല്ല ബന്ധം പുലർത്തിയിരുന്നു.

? പഠനകാലത്ത് കരിയറിനെ സ്വാധീനിച്ച സംഭവങ്ങൾ…

തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ പഠന കാലത്ത് ഗ്രാമങ്ങളിൽ ചെന്ന് സാമൂഹിക സേവനം നടത്താറുണ്ടായിരുന്നു. വൈദ്യുതീകരിക്കാത്ത കൊച്ചു കൂരകളിൽ അന്തിയുറങ്ങുന്നത് ഏറെ വിഷമത്തോടെയാണ് കണ്ടത്. ഇത്തരം പ്രശ്‌നങ്ങൾ ഭരണ ചുമതല ലഭിച്ചാൽ പരിഹരിക്കാമെന്ന് മനസ്സ് മന്ത്രിക്കുമായിരുന്നു.

? അക്കാദമിയിലെ ട്രെയിനിംഗ്

വിവിധ ഘട്ടങ്ങളിലായാണ് ട്രെയിനിംഗ്. അക്കാദമിയിലെ ക്ലാസ് റൂം മാത്രമല്ല, ഇന്ത്യയുടെ വ്യത്യസ്ത സംസ്‌കാരത്തിൽ ജീവിക്കുന്നവരെയും നാടുകളെയും പരിചയപ്പെടാനുപകരിക്കുന്ന അഖിലേന്ത്യാ ടൂർ, കലക്ടർ, പോലീസ് മേധാവി തുടങ്ങിയവർക്കൊപ്പമുള്ള സർവീസ്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ എന്ന നിലക്കുള്ള സേവനം തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി ട്രെയിനിംഗിന്റെ ഭാഗമായി. എല്ലാ രംഗത്തുമുള്ള പരിചയം ഈ പദവിക്ക് ആവശ്യമാണ്.

? കുടുംബം

പിതാവ് അബ്ദുൽ ജബ്ബാർ ബാഖവി മതാധ്യാപകനാണ്. ഉമ്മ: ശാഹിദ. സഹോദരിമാർ: ജുഹൈന ജാസ്മിൻ, ഫാത്വിമ ജുനൈദ, ഫാത്വിമ ജുസൈല. മടവൂർ സ്വദേശിനി ഡോ. ഹന്ന അബ്ദുല്ലയാണ് ഭാര്യ.
.

---- facebook comment plugin here -----

Latest