Connect with us

National

ബി ജെ പിയിലേക്കില്ലെന്ന് അല്‍പേഷ് താക്കൂര്‍

Published

|

Last Updated

അഹമ്മദാബാദ്: താന്‍ ബി ജെ പിയില്‍ ചേരുമെന്ന തരത്തില്‍ വന്ന മാധ്യമ വാര്‍ത്തകളെ തള്ളി ഗുജറാത്തിലെ ഒ ബി സി നേതാവ് അല്‍പേഷ് താക്കൂര്‍ എം എല്‍ എ. ബി ജെ പിയില്‍ ചേരാന്‍ ഒരുദ്ദേശവും തനിക്കില്ല. എം എല്‍ എയായതിനാല്‍ പല ബി ജെ പി നേതാക്കളെയും ഇക്കാലയളവിനുള്ളില്‍ കണ്ടിട്ടുണ്ട്. അതൊന്നും ബി ജെ പിയില്‍ ചേരാനുള്ള പദ്ധതിയുടെ ഭാഗമല്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് അല്‍പേഷ് പ്രതികരിച്ചു.

കഴിഞ്ഞ മാസമാണ് ഗുജറാത്തിലെ രാധന്‍പുര്‍ എം എല്‍ എയായ താക്കൂര്‍ മറ്റ് രണ്ട് എം എല്‍ എമാരായ ധവല്‍സിംഗ് താക്കൂര്‍, ഭാരത്ജി താക്കൂര്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയതിന് ഒരു ദിവസത്തിനു ശേഷമായിരുന്നു രാജി. പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്.

പതാന്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താല്‍പര്യം കാണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് മുന്‍ എം പി ജഗദീഷ് താക്കൂറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ന്ന് ബി ജെ പി നേതാക്കളുമായി പലപ്പോഴും അദ്ദേഹം സംസാരിച്ചത് വാര്‍ത്തയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി താക്കൂര്‍ ചര്‍ച്ച നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തയായത്. അല്‍പ്പേഷും അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റ് നാല് എം എല്‍ എമാരും ബി ജെ പിയില്‍ ചേരുമെന്നായിരുന്നു വാര്‍ത്ത.

 

Latest