Connect with us

National

പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ കുമാരസ്വാമി പങ്കെടുത്തില്ല ; കർണാടകയിൽ സ്ഥിതി സങ്കീർണം

Published

|

Last Updated

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ, പ്രതിപക്ഷ കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് കോൺഗ്രസ് ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ജനതാദൾ-എസ് വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

വോട്ടിംഗ് മെഷീനുകൾ സംബന്ധിച്ച് പുറത്തുവന്ന പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചുചേർത്തത്. എന്നാൽ, യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് കുമാരസ്വാമി വിശദീകരണം നൽകാനും തയ്യാറായില്ല.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിന് പ്രതിപക്ഷ കക്ഷികളെ സജ്ജരാക്കുക എന്നതും യോഗത്തിന്റെ ഉദ്ദേശ്യമായിരുന്നു. കർണാടകയിൽ കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, യോഗത്തിൽ നിന്ന് വിട്ടുനിന്ന കുമാരസ്വാമിയുടെ നടപടി സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ കർണാടകയിൽ ബി ജെ പി മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.
18 മുതൽ 21 വരെ സീറ്റുകൾ ബി ജെ പിയും അഞ്ച് മുതൽ 11 വരെ സീറ്റുകൾ കോൺഗ്രസ്- ജെ ഡി എസ് സഖ്യവും നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലം.

Latest