Connect with us

National

ലൈംഗിക പീഡന പരാതി: ചീഫ് ജസ്റ്റിസിന്റെ മൊഴിയെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മൊഴി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി. ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് സമിതി മുമ്പാകെ ഹാജരായത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചതായാണ് അറിയുന്നത്.

പരാതി അന്വേഷിക്കുന്നതിന് കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലും അന്വേഷണവുമായി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം. മൊഴിയെടുക്കുമ്പോള്‍ തന്നോടൊപ്പം അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും വീഡിയോ, ഓഡിയോ റെക്കോഡിംഗ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും നിഷേധിച്ച സാഹചര്യത്തില്‍ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

നേരത്തെ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും തനിക്ക് ഇതേവരെ കൈമാറിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സമിതി മൊഴിയെടുത്തപ്പോള്‍ തനിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പരാതിക്കാരി അന്വേഷണ സമിതിക്കു നല്‍കിയിരുന്നു. ഇതിനു ശേഷം തിങ്കളാഴ്ച സമിതി സിറ്റിംഗും നടത്തി. ഇതിനു പിന്നാലെയാണ് സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി വാര്‍ത്താക്കുറിപ്പ് നല്‍കിയത്.